വിധിയെഴുതുക 96.8 കോടി വോട്ടര്‍മാര്‍: ലോക്സഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; കേരളം ഏപ്രില്‍ 26 ന് പോളിങ് ബൂത്തിലേയ്ക്ക്

 വിധിയെഴുതുക 96.8 കോടി വോട്ടര്‍മാര്‍: ലോക്സഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; കേരളം ഏപ്രില്‍ 26 ന് പോളിങ് ബൂത്തിലേയ്ക്ക്

ന്യൂഡല്‍ഹി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞടുപ്പ് നടക്കുക. ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19 ന് തുടങ്ങും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ നാലിനും ആയിരിക്കും.  ആന്ധ്ര പ്രദേശില്‍ മെയ് 13 നും സിക്കിമില്‍ ഏപ്രില്‍ 19 നും തിരഞ്ഞെടുപ്പ് നടക്കും. ഒഡീഷയില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടമായിട്ട് നടക്കും.

ആദ്യ ഘട്ടം  ഏപ്രിൽ 19, കേരളം ഉൾപ്പെടുന്ന രണ്ടാം ഘട്ടം ഏപ്രിൽ 26, മൂന്നാം ഘട്ടം മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം  മെയ് 20, ആറാം ഘട്ടം  മെയ് 25,
ഏഴാം ഘട്ടം  ജൂണിലും നടക്കും.

ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ കമ്മിഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും പങ്കെടുക്കുത്തു.

രാജ്യത്തിന് യഥാര്‍ഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ആകെ 96.8 കോടി വോട്ടര്‍മാരാണുള്ളത്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും നാല് ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. 543 ലോക്‌സഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നര ലക്ഷം സൈനികരെ കേന്ദ്ര സര്‍ക്കാര്‍ വിട്ടു നല്‍കി.

1.8 കോടി കന്നി വോട്ടര്‍മാരും 20-29 വയസിനിടയിലുള്ള 19.47 കോടി വോട്ടര്‍മാരും ഉണ്ട്. 12 സംസ്ഥാനങ്ങളില്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 85 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.

തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ മോഡി സര്‍ക്കാര്‍ ഭരണത്തിന് ശേഷം വരുന്ന തിരഞ്ഞെടുപ്പാണിത്. ലോക്സഭ തിരഞ്ഞെടുപ്പ് തിയതിക്കൊപ്പം ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതോടൊപ്പം ജമ്മു കാശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും കമ്മിഷന്‍ പ്രഖ്യാപിച്ചേക്കും.

2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ 543 സീറ്റുകളില്‍ 412 സീറ്റുകള്‍ ജനറല്‍ വിഭാഗത്തിന്, 83 സീറ്റ് എസ്സിക്ക്, 47 സീറ്റ് എസ്ടി വിഭാഗത്തിന് എന്നിങ്ങനെയായിരുന്നു സംവരണം. 91.19 കോടി വോട്ടര്‍മാരാണ് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്. 2019 ല്‍ തപാല്‍ ബാലറ്റ് ഒഴികെയുള്ള പോളിങ് ശതമാനം 67.1 ശതമാനവും പോളിങ് സ്റ്റേഷനുകളില്‍ വോട്ടു ചെയ്യാനുള്ള മൗലികാവകാശം വിനിയോഗിച്ചവരുടെ എണ്ണം 61.18 കോടി ആയിരുന്നു.

2019ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 351 സീറ്റുകള്‍ നേടിയാണ് രണ്ടാം തവണയും അധികാരമേറ്റത്. 303 സീറ്റുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയും നേടി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സിന് 90 സീറ്റുകളാണ് ലഭിച്ചത്.

അധികാരം നിലനിര്‍ത്താമെന്ന് ബിജെപി പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.