ചൊവ്വയില്‍ ഭീമന്‍ അഗ്‌നി പര്‍വ്വതം കണ്ടെത്തി; എവറസ്റ്റിനെക്കാള്‍ ഉയരം

ചൊവ്വയില്‍ ഭീമന്‍ അഗ്‌നി പര്‍വ്വതം കണ്ടെത്തി; എവറസ്റ്റിനെക്കാള്‍ ഉയരം

ടെക്‌സാസ്: ചൊവ്വയില്‍ ഭീമന്‍ അഗ്‌നി പര്‍വ്വതം കണ്ടെത്തി ശാസ്ത്രജ്ഞര്‍. എവറസ്റ്റ് കൊടുമുടിയേക്കാള്‍ ഉയരമുള്ള ഈ സജീവ അഗ്നി പര്‍വ്വതത്തിന് 9,022 അടി ഉയരമുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ 8,849 ഉയരം മീറ്ററാണ്.

എവറസ്റ്റിനേക്കാള്‍ ഉയരമുണ്ടെങ്കിലും ചൊവ്വയിലെ ഏറ്റവും വലിയ അഗ്‌നി പര്‍വ്വതങ്ങളില്‍ ഏഴാമതാണ് ഇത്. 9,022 മീറ്റര്‍ ഉയരമുള്ള ഈ പര്‍വതം ചൊവ്വയിലെ താര്‍സിസ് എന്ന മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 450 കിലോ മീറ്ററാണ് വീതി. നോക്ടിസ് അഗ്‌നി പര്‍വതം എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനിപ്പോള്‍ താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

ഈ മാസം 11 മുതല്‍ 15 വരെ അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന അമ്പത്തഞ്ചാമത് ലൂണാര്‍ പ്ലാനെറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് നോക്ടിസിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്. 1971 മുതല്‍ ചൊവ്വയെ ഭ്രമണം ചെയ്യുന്ന പല ഉപഗ്രഹങ്ങളും ഇത് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതൊരു അഗ്‌നി പര്‍വ്വതമാണെന്ന് ശാസ്ത്രലോകം സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്.

ചൊവ്വ ഗ്രഹത്തിന് ചുറ്റും ഭ്രമണം ചെയ്യുന്ന നിരവധി ബഹിരാകാശ വാഹനങ്ങള്‍ 1971 മുതല്‍ ഈ ഘടന നിരീക്ഷിച്ചു വരികയായിരുന്നു. ഇതിന്റെ പുറം ചരിവുകള്‍ 225 കിലോ മീറ്റര്‍ ദൂരത്തേക്ക് വ്യത്യസ്ത ദിശകളിലേക്ക് വ്യാപിച്ചു കിടക്കുന്നു.

താര്‍സിസ് മേഖലയില്‍ തന്നെയാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്‌നി പര്‍വ്വതമായി കണക്കാക്കപ്പെടുന്ന ഒളിംപസ് മോണ്‍സ് സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ നിര്‍ജീവ അഗ്‌നി പര്‍വ്വതമാണിത്.

21.9 കിലോ മീറ്റര്‍ ഉയരമുള്ള ഈ പര്‍വതം സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നി പര്‍വ്വതമായി കണക്കാക്കപ്പെടുന്നു. ഒരു കാലത്ത് വളരെ സജീവമായ അഗ്നി പര്‍വ്വതമായിരുന്നു ഒളിംപസ് മോണ്‍സ്.എന്നാല്‍ ഇതിന് ശക്തമായ മത്സരമൊരുക്കി മറ്റൊരു അഗ്നി പര്‍വ്വതവും രംഗത്തുണ്ട്. റിയാസില്‍വിയ എന്ന കൊടുമുടിയാണത്.

സൗരയൂഥത്തിലെ ഛിന്നഗ്രഹമായ വെസ്റ്റയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 22.5 കിലോമീറ്റര്‍ ഉയരം കണക്കാക്കപ്പെടുന്നു. എവറസ്റ്റിന്റെ ഏതാണ്ട് മൂന്ന് മടങ്ങുവരും ഇതിന്റെ ഉയരം. സൗരയൂഥത്തിലെ വമ്പന്‍ ഛിന്ന ഗ്രഹങ്ങളിലൊന്നാണ് വെസ്റ്റ.

ഇതിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന റിയാസില്‍വിയ എന്ന ഗര്‍ത്ത ഘടനയെപ്പറ്റിയുള്ള വിവരങ്ങള്‍ നമുക്ക് നല്‍കിയത് നാസയുടെ ഡോണ്‍ എന്ന പര്യവേക്ഷണ ദൗത്യമാണ്. നേരത്തെ ഹബ്ബിള്‍ ടെലിസ്‌കോപ്പും ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു.

സൗരയൂഥത്തിന്റെ ആദിമ കാലത്ത് ഈ ഛിന്ന ഗ്രഹത്തില്‍ ഒരു കൂട്ടയിടി നടന്നു. ഇതോടെയാണ് 500 കിലോമീറ്റര്‍ വ്യാസമുള്ള റിയാസില്‍വിയ ഗര്‍ത്തം വെസ്റ്റയില്‍ രൂപപ്പെട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.