ലോകത്ത് 23 കോടി സ്ത്രീകള്‍ ചേലാകര്‍മ്മത്തിന് ഇരയായതായി യൂണിസെഫ് റിപ്പോര്‍ട്ട്; എട്ട് വര്‍ഷത്തിനിടെ മൂന്ന് കോടി വര്‍ധന

ലോകത്ത് 23 കോടി സ്ത്രീകള്‍ ചേലാകര്‍മ്മത്തിന് ഇരയായതായി യൂണിസെഫ് റിപ്പോര്‍ട്ട്; എട്ട് വര്‍ഷത്തിനിടെ മൂന്ന് കോടി വര്‍ധന

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 23 കോടി സ്ത്രീകള്‍ ചേലാകര്‍മ്മത്തിന് (ഫീമെയില് ജെനിറ്റല്‍ മ്യൂട്ടിലേഷന്‍-എഫ്.ജി.എം) ഇരയായിട്ടുണ്ടെന്ന് യൂണിസെഫ് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള നിരവധി സംഘടനകള്‍ പരിശ്രമിച്ചിട്ടും, അത്തരം സ്ത്രീകളുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-ല്‍ പുറത്തിറക്കിയ ഡാറ്റയെ അപേക്ഷിച്ച്, 'പരിച്ഛേദന'യ്ക്ക് വിധേയരായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മൂന്ന് കോടി വര്‍ധിച്ചു, അതായത് ഏകദേശം 15 ശതമാനമാണ് ഇക്കാലയളവിലെ വര്‍ധന.

അടുത്തിടെ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ ചേലാകര്‍മത്തിനു വിധേയരായ മൂന്ന് കൗമാരക്കാരികള്‍ മരണത്തിനു കീഴടങ്ങിയിരുന്നു.

ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും, ഈ ആചാരം ഇപ്പോഴും നിര്‍ഭയമായി തുടരുന്നു. ലോകത്തിലെ 92-ലധികം രാജ്യങ്ങളില്‍ ഈ രീതി തുടരുന്നുണ്ട്. ചേലാകര്‍മ്മ സമയത്ത് പെണ്‍കുട്ടികള്‍ക്ക് വൈദ്യസഹായം പോലും ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്ജിഎം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ മന്ദഗതിയിലാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 14.4 കോടിയിലധികം കേസുകളുള്ള ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഇതില്‍ മുന്നില്‍. ഏഷ്യയില്‍ എട്ട് കോടി കേസുകളും മിഡില്‍ ഈസ്റ്റില്‍ ആറു ദശലക്ഷത്തിലധികം കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

പെണ്‍കുട്ടികളുടെ ലൈംഗികാവയവം ഛേദിക്കുന്ന ക്രൂരമായ പ്രക്രിയ അവരുടെ ശരീരത്തെ ദോഷകരമായി ബാധിക്കുകയും ഭാവിയെ അപകടത്തിലാക്കുകയും ചെയ്യുന്നതായി യൂണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസല്‍ പറഞ്ഞു. അതേസമയം, ആഗോള തലത്തില്‍
എഫ്.ജി.എമ്മിനെ കുറിച്ചുള്ള മനോഭാവവും മാറുന്നത് പ്രതീക്ഷാനിര്‍ഭരമാണെന്നും അവര്‍ പറഞ്ഞു. ആഫ്രിക്കയും മിഡില്‍ ഈസ്റ്റും ഉള്‍പ്പെടെ എഫ്ജിഎം നടപ്പാക്കുന്ന രാജ്യങ്ങളിലെ ഏകദേശം 400 ദശലക്ഷം ആളുകള്‍ (ജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേര്‍) ഈ സമ്പ്രദായത്തെ എതിര്‍ക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.