എ ക്ലാസ് മണ്ഡലത്തില്‍ കരുത്ത് കാട്ടാന്‍ ബിജെപി; നാളെ പാലക്കാട് മോഡിയുടെ റോഡ് ഷോ

 എ ക്ലാസ് മണ്ഡലത്തില്‍ കരുത്ത് കാട്ടാന്‍ ബിജെപി; നാളെ പാലക്കാട് മോഡിയുടെ റോഡ് ഷോ

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് അദേഹം റോഡ് ഷോ നടത്തും.

ഏകദേശം അമ്പതിനായിരം പേരെ പങ്കെടുപ്പിക്കാനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് നേതൃത്വം അറിയിച്ചു. ഇത് മൂന്നാം തവണയാണ് മോഡി പാലക്കാട് എത്തുന്നത്.

നേരത്തെ 2016 ലും 21 ലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു അദേഹം ജില്ല സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നാളെ രാവിലെ 10 മണിയോടെ പാലക്കാട് മേഴ്‌സി കോളജിലെ ഹെലിപാഡില്‍ പ്രധാനമന്ത്രി ഇറങ്ങും. തുടര്‍ന്ന് റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിട്ട് നീണ്ട റോഡ് ഷോയാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ 15 ന് അദേഹം പത്തനംതിട്ടയിലെത്തിയിരുന്നു.

അതേസമയം നരേന്ദ്ര മോഡി ഇന്ന് തമിഴ്‌നാട്ടിലാണ് സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ച കോയമ്പത്തൂരിലെ റോഡ് ഷോയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിരുന്നത്. വൈകുന്നേരം 5:45 നാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ ആരംഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.