വത്തിക്കാൻ സിറ്റി: ക്രിസ്ത്യൻ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരം വി പൗലോസിന്റെ ശവകുടീരത്തിൽ നടത്തിയ സന്ധ്യാ പ്രാർത്ഥനയോടുകൂടി തിങ്കളാഴ്ച സമാപിച്ചു.സയാറ്റിക മൂലമുള്ള കാല് വേദന കൂടുതലായിരുന്നതുകൊണ്ട് തിങ്കളാഴ്ച്ച സെന്റ് പോൾ ബസിലിക്കയിൽ നടന്ന സായാഹ്ന പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കഴിഞ്ഞില്ല എന്ന് വത്തിക്കാൻ വൃത്തങ്ങൾ റിപ്പോർട് ചെയ്തു. എന്നാൽ ഈ അവസരത്തിലേക്കായി മാർപ്പാപ്പ തയ്യാറാക്കിയ സന്ദേശം, ക്രിസ്ത്യൻ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ കർട്ട് കോച്ച് വായിച്ചു.
“പ്രിയ സഹോദരീ സഹോദരന്മാരേ, നമുക്ക് ക്രിസ്തുവിൽ ഐക്യപ്പെട്ട് മുന്നേറാം. നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ട പരിശുദ്ധാത്മാവ് നമ്മെ പരസ്പരം ഒരു പിതാവിന്റെ മക്കളെ പോലെ, സഹോദരീസഹോദരന്മാരെ പോലെ മനുഷ്യകുടുംബത്തിലെ സഹോദരങ്ങളെപ്പോലെ കാണാൻ സഹായിക്കട്ടെ. പരിശുദ്ധ ത്രീത്വം-സ്നേഹത്തിന്റെ കൂട്ടായ്മ, നമ്മളെ ഐക്യത്തിൽ വളരാൻ അനുവദിക്കട്ടെ." ക്രിസ്ത്യാനികൾക്കിടയിലുള്ള ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ സഭ എല്ലാ ജനുവരിയിലും ഒരാഴ്ച നീക്കിവയ്ക്കുന്നു. ക്രിസ്തീയ ഐക്യത്തിനായുള്ള ഈ വർഷത്തെ പ്രാർത്ഥനാ വാരത്തിന്റെ വിഷയം “എന്റെ സ്നേഹത്തിൽ വസിക്കുക, നിങ്ങളിൽ ധാരാളം ഫലം കായ്ക്കും” എന്നതായിരുന്നു.
“യേശുവിനോട് ഐക്യത്തോടെ തുടരുകയാണെങ്കിൽ മാത്രമേ നമുക്ക് വളരാനും ഫലം നൽകാനും കഴിയൂ” എന്ന് മാർപ്പാപ്പ തന്റെ സന്ദേശത്തിൽ എഴുതി. "ഇന്നത്തെ വേഗതയേറിയതും സങ്കീർണ്ണവുമായ ലോകത്തിൽ, നമ്മുക്ക് ലക്ഷ്യബോധം നഷ്‌ടപ്പെടാൻ എളുപ്പമാണ്. ജീവിതത്തിലെ മാറ്റങ്ങൾക്കിടയിൽ ഒരു നിശ്ചിത സ്ഥാനത്ത് സ്ഥിരമായ ഒരു ചുവട് കണ്ടെത്താൻ കഴിയാതെ പലരും മാനസികമായി തകർക്കപ്പെടുന്നു. അവനിൽ വസിക്കുക എന്നതാണ് സ്ഥിരതയുടെ രഹസ്യം എന്ന് യേശു നമ്മോട് പറയുന്നു,"കർദിനാൾ കോച്ച് വായിച്ചു. "അവനിൽ എങ്ങനെ വസിക്കാമെന്നും യേശു നമുക്ക് കാണിച്ചുതന്നു. അവൻ തന്നെ മാതൃകയായി.ഓരോ ദിവസവും വിജനമായ സ്ഥലങ്ങളിൽ പ്രാർത്ഥിക്കാൻ അവൻ പിൻവാങ്ങി. ജീവിക്കാൻ വെള്ളം ആവശ്യമുള്ളതുപോലെ നമുക്ക് പ്രാർത്ഥന ആവശ്യമാണ്. വ്യക്തിപരമായ പ്രാർത്ഥന, യേശുവിനോടൊപ്പം സമയം ചെലവഴിക്കൽ, ആരാധന; നാം അവനിൽ വസിക്കണമെങ്കിൽ ഇക്കാര്യങ്ങൾ അനിവാര്യമാണ്. ഈ രീതിയിൽ, നമ്മുടെ വേവലാതികളും പ്രതീക്ഷകളും ഭയങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും കർത്താവിന്റെ ഹൃദയത്തിൽ സമർപ്പിക്കാം. എല്ലാറ്റിനും ഉപരിയായി, പ്രാർത്ഥനയിൽ യേശുവിനെ കേന്ദ്രീകരിച്ച് നമുക്ക് അവന്റെ സ്നേഹം അനുഭവിക്കാൻ കഴിയണം ” ഐക്യം പുന:സ്ഥാപിക്കാൻ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നുവെന്നും നമ്മെ സ്നേഹിക്കാത്തവരെപ്പോലും സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തിൽ പറഞ്ഞു.
പാപ്പാ എഴുതി: “ആത്മാവ് താൻ ഉദ്ദേശിക്കുന്നിടത്തേക്ക് വീശുന്നു. എല്ലായിടത്തും ഐക്യം പുന:സ്ഥാപിക്കാൻ അവൻ ആഗ്രഹിക്കുന്നു. നമ്മെ സ്നേഹിക്കുകയും നമ്മെ പോലെ ചിന്തിക്കുകയും ചെയ്യുന്നവരെ മാത്രമല്ല, യേശു നമ്മെ പഠിപ്പിച്ചതുപോലെ എല്ലാവരെയും സ്നേഹിക്കാനും അവൻ നമ്മെ പ്രേരിപ്പിക്കുന്നു. ” “നമ്മുടെ ശത്രുക്കളോടും നമ്മോട് ചെയ്യപ്പെട്ട തെറ്റുകളോടും ക്ഷമിക്കാൻ അവൻ നമ്മെ പ്രാപ്തനാക്കുന്നു. സ്നേഹത്തിൽ സജീവവും സർഗ്ഗാത്മകവുമായിരിക്കാൻ അവൻ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ സ്വന്തം മൂല്യങ്ങളും ആശയങ്ങളും പങ്കുവെക്കുന്നവർ മാത്രമല്ല നമ്മുടെ അയൽക്കാർ, എല്ലാവരുടെയും അയൽക്കാരായിരിക്കാൻ വിളിക്കപ്പെട്ടവരാണ് നാം. ദുർബലരും ദരിദ്രരും നമ്മുടെ കാലഘട്ടത്തിൽ വളരെയധികം കഷ്ടപ്പെടുന്നവരുമായ മാനവകുലത്തിന് ഒരു നല്ല ശമര്യക്കാരനാകാനും വിളിക്കപ്പെട്ടവർ"
കഴിഞ്ഞ ബുധനാഴ്ച തന്റെ പൊതു ജനങ്ങൾക്കായുള്ള സന്ദേശത്തിൽ “ഐക്യത്തിന്റെ ദാനത്തിനായി” പ്രാർത്ഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ എല്ലാ ക്രിസ്ത്യാനികളോടും ആവശ്യപ്പെട്ടിരുന്നു. “തീവ്രമായ കഷ്ടപ്പാടുകളുടെ ഈ സമയത്ത്, സംഘർഷങ്ങളിൽ ഐക്യം നിലനിൽക്കുന്നതിന് ഈ പ്രാർത്ഥന കൂടുതൽ ആവശ്യമാണ്. പൊതുനന്മയെ പ്രോത്സാഹിപ്പിക്കുന്നതിന് നമ്മൾ സ്വന്തം താല്പര്യങ്ങൾ മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ നമ്മുടെ നല്ല മാതൃക വളരെ പ്രധാനമാണ്. ക്രിസ്ത്യാനികൾ പൂർണ്ണമായ ഐക്യത്തിലേക്കുള്ള പാത പിന്തുടരേണ്ടത് അത്യാവശ്യമാണ്, ”പാപ്പാ ബുധനാഴ്ച്ചത്തെ സന്ദേശത്തിൽ പറഞ്ഞു.
വി പൗലോസിന്റെ ബസിലിക്കയിലെ സംയുക്ത പ്രാർത്ഥനയ്ക്ക് പ്രചോദനം നൽകിയ പരിശുദ്ധാത്മാവാണ് “എക്യുമെനിക്കൽ യാത്രയുടെ ശില്പി” എന്ന് പറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിക്കുന്നു. ഈ ആഴ്ചയിൽ, ക്രിസ്ത്യൻ ഐക്യത്തിനായി പ്രാർത്ഥിച്ചവർക്കും തുടർന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവരോടും പാപ്പാ നന്ദി രേഖപ്പെടുത്തി. “പ്രിയ സഹോദരീ സഹോദരന്മാരേ, നമുക്ക് ക്രിസ്തുവിൽ ഐക്യത്തോടെ മുന്നേറാം പരിശുദ്ധ ത്രിത്വം- സ്നേഹത്തിന്റെ കൂട്ടായ്മ, നമ്മെ ഐക്യത്തിൽ വളർത്തട്ടെ"ഫ്രാൻസിസ് മാർപാപ്പ ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.