അബോർഷന് പിന്നാലെ ദയാവധവും നിയമമാക്കാൻ തീരുമാനം; കടുത്ത എതിർപ്പുമായി ഫ്രാൻസിലെ കത്തോലിക്ക ബിഷപ്പുമാർ

അബോർഷന് പിന്നാലെ ദയാവധവും നിയമമാക്കാൻ തീരുമാനം; കടുത്ത എതിർപ്പുമായി ഫ്രാൻസിലെ കത്തോലിക്ക ബിഷപ്പുമാർ

പാരിസ്: അബോർഷനുള്ള സ്വാതന്ത്ര്യം ഭരണഘടയിൽ ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറിയതിന് പിന്നാലെ ദയാവധവും നിയമവിധേയമാക്കാനൊരുങ്ങി ഫ്രാൻസ്. പ്രത്യേക സാഹചര്യങ്ങളിൽ മരണത്തിന് സഹായിക്കാൻ അനുമതി നൽകുന്ന നിയമം മേയ് മാസത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു വ്യക്തിയുടെ വ്യക്തി സ്വാതന്ത്ര്യത്തെയും രാജ്യത്തിന്റെ ഐക്യദാർഢ്യത്തെയും സമന്വയിപ്പിക്കുന്ന സാഹോദര്യത്തിന്റെ നിയമം എന്നാണ് മക്രോൺ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്. ഈ നിയമം വ്യക്തികൾക്ക് ചില കർശന വ്യവസ്ഥകളിൽ മരിക്കുന്നതിനുള്ള സഹായം തേടാനുള്ള സാധ്യത തുറക്കുന്നു എന്നാണ് പ്രസിഡന്റിന്റെ പ്രസ്താവന.

ഫ്രഞ്ച് ഗവൺമെന്റിന്റെ ദയാവധത്തിനുള്ള തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധവുമായി കത്തോലിക്കാ ബിഷപ്പുമാർ രം​ഗത്തെത്തി. ഇത് സാഹോദര്യത്തിന്റെ നിയമമാണെന്ന് വിശേഷിപ്പിച്ച പ്രസിഡന്റിന്റെ നടപടിയെ കത്തോലിക്ക ബിഷപ്പുമാർ നിശിതമായി വിമർശിച്ചു. ഇത്തരമൊരു നിയമം ആരോഗ്യ മേഖലയെ മരണോന്മുഖമാക്കി മാറ്റുമെന്ന് റെയിൻസ് ആർച്ച് ബിഷപ് എറിക് ഡി മൗലിൻസ് ബ്യൂഫോർട്ട് പ്രതികരിച്ചു. ദയാവധത്തിനും ആത്മഹത്യക്ക് സഹായം നൽകുന്നതിനും അനുമതി നൽകുന്ന നിയമത്തെ സാഹോദര്യത്തിന്റെ നിയമം എന്ന് വിശേഷിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്ന് അദേഹം പറഞ്ഞു.

മരിക്കാൻ നൽകുന്ന സഹായം സാഹോദര്യത്തിന്റെ പ്രകടനമായി കാണാനാവില്ലെന്നും ദുർബലമായിരിക്കുന്ന അവസ്ഥയിലും അന്ത്യത്തോളം കൂടെയായിരിക്കുന്നതാണ് സാഹോദര്യമെന്നും ടൂർസ് ആർച്ചുബിഷപ് വിൻസെന്റ് ജോർഡി പ്രതികരിച്ചു. പ്രത്യാശ നഷ്ടപ്പെട്ട അവസ്ഥയിൽ കഴിയുന്ന സമൂഹത്തെ കൂടുതൽ ഡിപ്രഷനിലേക്ക് തള്ളിവിടാൻ മാത്രമേ ഈ നിയമനിർമാണം ഉപകരിക്കുകയുള്ളൂവെന്ന് ലില്ലെ ആർച്ച് ബിഷപ് ലോറന്റ് ലെ ബൗൾഷ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.