താലിബാന്‍ ഭരണത്തില്‍ സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നു; അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-ട്വന്റി പരമ്പര കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

താലിബാന്‍ ഭരണത്തില്‍ സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നു; അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-ട്വന്റി പരമ്പര കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സിഡ്നി: അഫ്ഗാനിസ്ഥാനുമായുള്ള ടി20 പരമ്പര റദ്ദാക്കി ഓസ്ട്രേലിയ. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഓഗസ്റ്റില്‍ നടത്താനിരുന്ന പരമ്പരയാണ് റദ്ദാക്കിയത്.

താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ കായിക മേഖലയിലടക്കം സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് പരമ്പരയില്‍ നിന്നുള്ള പിന്‍മാറ്റം.

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ അനുദിനം മോശമാകുന്നു. ഇക്കാരണത്താലാണ് പരമ്പരയില്‍ നിന്നു പിന്‍മാറുന്നത്. ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളും സ്ത്രീകളും ക്രിക്കറ്റിലേക്ക് കടന്നു വരുന്നതിനെ ശക്തമായി പിന്തുണയ്ക്കാനുള്ള പ്രതിബദ്ധത ക്രിക്കറ്റ് ഓസ്ട്രേലിയക്കുണ്ടെന്നും ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇതു മൂന്നാം തവണയാണ് അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ നിന്നു ഓസ്ട്രലിയ പിന്‍മാറുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പരമ്പര കളിക്കാന്‍ ഓസ്ട്രേലിയ വിസമ്മതം അറിയിക്കുകയാണ്.

2021 നവംബറില്‍ അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നുമാണ് ആദ്യം ഓസ്ട്രേലിയ പിന്മാറിയത്. പിന്നീട് കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിനത്തില്‍ നിന്നും പിന്‍മാറിയിരുന്നു. അഫ്ഗാനിസ്ഥാന്‍ പര്യടനത്തിന്റെ ഭാഗമായാണ് ഏകദിന പരമ്പര തീരുമാനിച്ചത്. മത്സരം യുഎഇയില്‍ നടത്താനായിരുന്നു നീക്കം. എന്നാല്‍ ഓസീസ് പിന്‍മാറുകയായിരുന്നു.

താലിബാന്‍ ഭരണം ഏറ്റെടുത്ത ശേഷം അഫ്ഗാനിലെ സ്ത്രീകളെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കിയിരുന്നു. വനിതാ ക്രിക്കറ്റ് ടീമിലെ പല അംഗങ്ങളും കാനഡയടക്കമുള്ള രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്. ഇതാണ് ഓസ്‌ട്രേലിയ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കാരണം. സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും ജോലി ചെയ്യാനുള്ള അവകാശത്തെയും നിഷേധിക്കുന്ന താലിബാന്‍ വലിയ നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഒരു അയവും ഇതിലുണ്ടായിട്ടില്ലെന്ന് വിലയിരുത്തിയാണ് പരമ്പര ഒഴിവാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.