കടുവകൾ ജനവസ മേഖലയിൽ; വനപാലകർ നിസംഗരാകുന്നു: അപലപിച്ചു കെസിവൈഎം മാനന്തവാടി രൂപത

കടുവകൾ ജനവസ മേഖലയിൽ; വനപാലകർ നിസംഗരാകുന്നു: അപലപിച്ചു കെസിവൈഎം മാനന്തവാടി രൂപത

മാനന്തവാടി: കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കടുവകൾ ജനവാസ മേഖലയിൽ ഇറങ്ങിയിട്ട് ഒൻപത് ദിവസമായിട്ടും അവയെ പിടിക്കാനോ ആശങ്കയകറ്റാനോ സാധിക്കാത്തതിൽ കെസിവൈഎം മാനന്തവാടി രൂപത അതിശക്തമായി പ്രതിഷേധിച്ചു. കണ്ണൂരിലെ വിവിധ ഭാഗങ്ങളായ അടക്കാത്തോട്, കൊട്ടിയൂർ എന്നീ പ്രദേശങ്ങളിൽ തുടർച്ചയായി കടുവകൾ ഇറങ്ങുന്നതിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

കടുവ ജനവാസ മേഖലയിൽ ഒൻപത് ദിവസങ്ങളിലായി ചുറ്റി നടന്നിട്ടും ഒന്നിലെറെ കടുവകൾ ടൗൺ പ്രദേശങ്ങളിൽ യഥേഷ്ടം വിഹരിക്കുമ്പോഴും അധികൃതർ മൗനം പാലിക്കുന്നു. കടുവകളെ ജനവാസ മേഖലയിൽ നിന്നും തുരത്തുന്നതിന് ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കാത്തത് പ്രതിഷേധാർഹമെന്ന് രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അഭിപ്രായപ്പെട്ടു.

ഒന്നിലെറെ കടുവകൾ പല പ്രദേശങ്ങളിലും ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ അതിവേഗം നടപടികൾ സ്വീകരിക്കേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും തികഞ്ഞ അലംഭാവമാണ് ഉണ്ടാകുന്നത്. ഇത് ജനങ്ങളുടെ ജീവൻ്റെ സംരക്ഷണത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നു എന്നതും ശ്രദ്ധേയമാണ്.

കടുവകൾ ഇറങ്ങുന്നതും നിരോധനാജ്ഞ ഏർപ്പെടുത്തുന്നതും സാധാരണ സ്ഥിതിയാക്കി മാറ്റുന്ന ഭരണകൂടം യഥാർത്ഥത്തിലുള്ള പ്രശ്നപരിഹാരത്തിന് അല്ല ശ്രമിക്കുന്നത് എന്നത് പരസ്യമായ യാഥാർത്ഥ്യമെന്ന് രൂപത സമിതി ആരോപിച്ചു. ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്ന ഭരണാധികാരികളുടെ നിരുത്തരവാദിത്വ പ്രവർത്തനങ്ങൾ അധികാരികളുടെ കഴിവുകേടും ജനാധിപത്യ രാജ്യത്തിൽ ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കുവാൻ സർക്കാരിന് കഴിയുന്നില്ല എന്നതും വ്യക്തമാക്കുന്നതാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാര വർഗ്ഗം നിസ്സംഗമായി നിൽക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഈ ഒൻപത് ദിവസങ്ങളിലായി കണ്ണൂരിൽ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന കടുവകളെ കണ്ടെത്തിയെന്നും കെസിവൈഎം മാനന്തവാടി രൂപത നേതൃത്വം പറഞ്ഞു.

അവയെ ജനവാസ മേഖലയിൽ നിന്നും മാറ്റേണ്ടതായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്ന് രൂപത പ്രസിഡന്റ്‌ ആവശ്യപ്പെട്ടു. ഒരു കാരണവശാലും കടുവകൾ നാട്ടിൽ ഇറങ്ങാത്ത വിധത്തിലുള്ള പ്രതിരോധങ്ങൾ തീർക്കുവാനും വനംവകുപ്പ് ശ്രദ്ധിക്കണമെന്ന് രൂപത സമിതി പറഞ്ഞു. നാടിനെ കാടാക്കാനുള്ള ഗൂഢാലോചനക്കെതിരെ അതിശക്തമായ പ്രതിഷേധങ്ങൾ തുടർന്നും മാനന്തവാടി രൂപതയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും രൂപതാ സമിതി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.