നെറ്റില്‍ അധികസമയം ചെലവഴിക്കുന്നവര്‍ തീവ്ര ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നതായി റിപ്പോര്‍ട്ട്‌; യു.കെയില്‍ ബോംബ് നിര്‍മാണം പഠിച്ച വിദ്യാര്‍ത്ഥിക്ക് തടവുശിക്ഷ

നെറ്റില്‍ അധികസമയം ചെലവഴിക്കുന്നവര്‍ തീവ്ര ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നതായി റിപ്പോര്‍ട്ട്‌; യു.കെയില്‍ ബോംബ് നിര്‍മാണം പഠിച്ച വിദ്യാര്‍ത്ഥിക്ക് തടവുശിക്ഷ

ജേക്കബ് ഗ്രഹാം

ലണ്ടന്‍: കോവിഡ് മഹാമാരിക്കാലത്ത് മാതാപിതാക്കളുടെ മേല്‍നോട്ടമില്ലാതെ ഓണ്‍ലൈനില്‍ അധികസമയം ചെലവഴിച്ച നിരവധി കുട്ടികളും യുവാക്കളും തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരായതായി യു.കെയിലെ മുതിര്‍ന്ന തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥന്‍. ഓണ്‍ലൈനില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്ന മനക്കരുത്തില്ലാത്ത ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയക്കാരെ കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ബോംബ് നിര്‍മ്മാണം പഠിക്കാന്‍ ഓണ്‍ലൈനില്‍നിന്ന് വിവരശേഖരണം നടത്തുകയും ചെയ്ത 20 കാരന് കോടതി 13 വര്‍ഷം തടവ് ശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് തീവ്രവാദ വിരുദ്ധ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ആന്‍ഡി മീക്സിന്റെ സുപ്രധാന നിരീക്ഷണം. ലിവര്‍പൂളിലെ നോറിസ് ഗ്രീനില്‍ നിന്നുള്ള കോളജ് വിദ്യാര്‍ത്ഥി ജേക്കബ് ഗ്രഹാമിനാണ് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി തടവുശിക്ഷ വിധിച്ചത്.

കഴിഞ്ഞ വര്‍ഷം മേയിലാണ് തീവ്ര ഇടതുപക്ഷ അരാജകവാദിയായ യുവാവിനെ തീവ്രവാദ വിരുദ്ധ പോലീസ് അറസ്റ്റ് ചെയ്ത്. ബോംബ് നിര്‍മ്മാണത്തിനായി ഇയാള്‍ ഓണ്‍ലൈനില്‍ നിന്ന് രാസവസ്തുക്കള്‍ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഓണ്‍ലൈനിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. യു.കെയില്‍ 18 വയസിന് താഴെയുള്ള കൂടുതല്‍ പേര്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ ആകൃഷ്ടരാകുന്നുണ്ട്. ഒറ്റപ്പെടലില്‍ ദീര്‍ഘനേരം ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന ധാരാളം ആളുകളുമായി ഇടപഴകിയപ്പോള്‍ തങ്ങള്‍ക്ക് ഇക്കാര്യം വ്യക്തമായതായും അദ്ദേഹം പറഞ്ഞു. തീവ്രവാദ വിരുദ്ധ പോലീസിനെ സംബന്ധിച്ച് ഈ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കേണ്ട സാഹചര്യമാണുള്ളത്.

കഴിഞ്ഞയാഴ്ച പോലീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തീവ്രവാദ കുറ്റങ്ങള്‍ ആരോപിച്ച് അറസ്റ്റിലായ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡിലെത്തി. 17 വയസും അതില്‍ താഴെയും പ്രായമുള്ള 42 പേരെ 2023 ഡിസംബര്‍ വരെയുള്ള കാലയളവില്‍ തീവ്രവാദ നിയമപ്രകാരം തടവിലാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പുള്ളതിന്റെ ഇരട്ടിയിലധികമാണിത്.

കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടമില്ലാതെ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയം ഭീകരവാദികള്‍ ചൂഷണം ചെയ്യുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കി.

ബോംബ് നിര്‍മാണ മാനുവല്‍ തയാറാക്കി

ഓണ്‍ലൈനിലൂടെയാണ് ജേക്കബ് ഗ്രഹാം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്. ഇയാള്‍ ബോംബുകള്‍, തോക്കുകള്‍, വിഷം എന്നിവ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഗൈഡ് തയാറാക്കുകയും സമാന ചിന്താഗതിയുള്ളവര്‍ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങളും രാഷ്ട്രീയക്കാരുടെ വീടുകളും ആക്രമിച്ച് 50 പേരെയെങ്കിലും കൊല്ലാനായി ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യുകെയിലെ ആദ്യത്തെ ആഭ്യന്തര തീവ്രവാദി എന്നാണ് ഗ്രഹാം സ്വയം വിശേഷിപ്പിച്ചത്. വിദ്യാര്‍ത്ഥിയായ ജേക്കബ് ഗ്രഹാമിനെ അപകടകാരിയായ യുവാവെന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്.

അമ്മയ്ക്കും സഹോദരിക്കും ഒപ്പം താമസിച്ചിരുന്ന പ്രതിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍, ഗ്രഹാം തന്റെ പൂന്തോട്ടത്തില്‍ ബോംബ് നിര്‍മ്മാണ പരീക്ഷണങ്ങള്‍ ചിത്രീകരിച്ചതായും ഒരു വനപ്രദേശത്ത് കത്തിയും ബോംബ് നിര്‍മിക്കാനുള്ള രാസവസ്തുക്കളും കുഴിച്ചിട്ടതായും കണ്ടെത്തി.

'എന്റെ പ്ലാന്‍' എന്ന പേരില്‍ തയാറാക്കിയ രേഖയില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും രാഷ്ട്രീയക്കാരുടെ വീടുകളും ആക്രമിച്ച് 50 പേരെയെങ്കിലും കൊല്ലണമെന്ന് ഗ്രഹാം എഴുതി. ഇതിന്റെ ഭാഗമായി 138 വീഡിയോകളും തയാറാക്കി. തന്റെ കിടപ്പുമുറിയുടെ ഭിത്തിയില്‍ ഗ്രഹാം ബോംബ് സ്‌ഫോടനത്തില്‍ കാര്‍ പൊട്ടിത്തെറിക്കുന്ന ചിത്രം ഒട്ടിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ അവരുടെ കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ഭയപ്പെടണം എന്നും അതില്‍ കുറിച്ചിരുന്നു.

കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ഗ്രഹാം 'ഡെസ്‌ട്രോ ദി ഡിസ്‌ട്രോയര്‍' എന്ന് സ്വയം പേരിടുകയും സമാന ചിന്താഗതിക്കാരായ ആളുകളുമായി ഡിസ്‌കോര്‍ഡ് എന്ന ഗെയിമിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു. ടെലിഗ്രാം എന്ന പ്ലാറ്റ്ഫോമിലൂടെ സര്‍ക്കാരിനോടുള്ള തന്റെ വിദ്വേഷം പങ്കുവെച്ച മറ്റുള്ളവരുമായി ഇയാള്‍ സന്ദേശങ്ങള്‍ കൈമാറി.

150 അംഗങ്ങളുള്ള ടോട്ടല്‍ എര്‍ത്ത് ലിബറേഷന്‍ ഗ്രൂപ്പ് ഉള്‍പ്പെടെ എന്‍ക്രിപ്റ്റ് ചെയ്ത ടെലിഗ്രാം ആപ്പിലെ നിരവധി ചാറ്റ്‌റൂമുകളുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്നു ഗ്രഹാം. അതില്‍ ഇയാള്‍ ബോംബ് നിര്‍മ്മാണ മാനുവല്‍ പങ്കിട്ടു. താന്‍ ഇടതുപക്ഷക്കാരനാണ് എന്നാല്‍ ഒരു അരാജകവാദിയെപ്പോലെയാണ് എന്ന് ഗ്രഹാം പോലീസിനോട് പറഞ്ഞു. ഒരു കേന്ദ്ര നിയന്ത്രണം എന്ന ആശയം എനിക്ക് ഇഷ്ടമല്ല, രാജവാഴ്ച എനിക്ക് ഇഷ്ടമല്ല.'- ഗ്രഹാം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.