പൊലീസ് സ്റ്റേഷനിലെ പോലെ സിദ്ധാര്‍ഥനെ യൂണിയന്‍ ഓഫീസില്‍ എട്ട് മാസം ഒപ്പ് ഇടീപ്പിച്ചു; സഹപാഠിയുടെ മൊഴി പുറത്ത്

 പൊലീസ് സ്റ്റേഷനിലെ പോലെ സിദ്ധാര്‍ഥനെ യൂണിയന്‍ ഓഫീസില്‍ എട്ട് മാസം ഒപ്പ് ഇടീപ്പിച്ചു; സഹപാഠിയുടെ മൊഴി പുറത്ത്

കല്‍പറ്റ:  പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ ഹാജരായി ഒപ്പിടുന്ന രീതിയില്‍ ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നതായി സഹപാഠിയുടെ മൊഴി. എല്ലാ ദിവസവും കോളജ് യൂണിയന്‍ പ്രസിഡന്റ് അരുണിന്റെ മുറിയില്‍ സിദ്ധാര്‍ഥന്‍ ഹാജരാവേണ്ടി വന്നിട്ടുണ്ടെന്നും എട്ട് മാസം ഈ രീതി തുടര്‍ന്നെന്നുമാണ് ആന്റി റാഗിങ് സ്‌ക്വാഡിന് സഹപാഠി നല്‍കിയ മൊഴി.

സിദ്ധാര്‍ഥന്‍ നേരത്തേ തന്നോട് ഇക്കാര്യംപറഞ്ഞതായാണ് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. മരണശേഷമാണ് ഇത് പുറത്ത് പറയുന്നതെന്ന് മാത്രം. വെള്ളിയാഴ്ച കോളജിലെ ആന്റി റാഗിങ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ച സിദ്ധാര്‍ഥന്റെ റാഗിങ് സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഫോട്ടോഗ്രാഫറായിരുന്ന സിദ്ധാര്‍ഥന്‍ കോളജില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. കോളജില്‍ 'മെയിനാവാന്‍' ശ്രമിക്കുന്നു എന്നുപറഞ്ഞാണ് സിദ്ധാര്‍ഥനെ നേരത്തേ തന്നെ സംഘം ലക്ഷ്യം വെച്ചിരുന്നത്. എട്ട് മാസം ശിക്ഷാ രീതി തുടര്‍ന്നെങ്കിലും അത്രയും കാലം മര്‍ദനമേറ്റിരുന്നോയെന്ന് വ്യക്തമല്ല.

സിദ്ധാര്‍ഥന്റെ ജന്മദിനത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയില്‍ പറയുന്നുണ്ട്. യൂണിയന്‍ നേതാക്കളുടെ നോട്ടപ്പുള്ളിയായ സിദ്ധാര്‍ഥന്‍ ഫെബ്രുവരി 16 ന് ആറ് മണിക്കൂര്‍ നീണ്ട മൃഗീയമായ മര്‍ദനത്തിനും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായത് ഇതിന്റെ തുടര്‍ച്ചയാവാമെന്നാണ് വിവരം.
16 ന് രാത്രി ഹോസ്റ്റലിന് സമീപത്തെ കുന്നിന്‍മുകളില്‍ കൊണ്ടുപോയി മര്‍ദിക്കുമ്പോള്‍ മുഖ്യപ്രതിയായ കാശിനാഥനൊപ്പം ഒരു പെണ്‍കുട്ടി കൂടെ ഉണ്ടായിരുന്നുവെന്ന വിവരവും ആന്റി റാഗിങ് സ്‌ക്വാഡിന് ലഭിച്ചിട്ടുണ്ട്. പക്ഷെ ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളോ സാക്ഷിമൊഴികളോ കിട്ടിയിട്ടില്ല.

കാശിനാഥനും സിന്‍ജോയുമാണ് സിദ്ധാര്‍ഥനോട് ഏറ്റവുംക്രൂരമായി പെരുമാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ജോ സിദ്ധാര്‍ഥന്റെ കണ്ഠനാളത്തില്‍ പിടിച്ചമര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സിദ്ധാര്‍ഥന്‍ മരിച്ച ദിവസം സിന്‍ജോയുള്‍പ്പെടെയുള്ള പ്രതികള്‍ ഹോസ്റ്റലിലുണ്ടായിരുന്നു. സിദ്ധാര്‍ഥന്‍ മരിച്ച 18 ന് ഉച്ചയ്ക്കും മുമ്പും ഹോസ്റ്റലിലുള്ള വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ബത്തേരിയിലും കല്‍പറ്റയിലും സിനിമ കാണാന്‍ പോയതായും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രതികള്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതൊരു ഗൂഢാലോചനയുടെ ഭാഗമായാണോ ദൂരുഹതയുണ്ടോ എന്നൊക്കെ വ്യക്തമാകണം.

166 വിദ്യാര്‍ഥികളില്‍ നിന്നാണ് സ്‌ക്വാഡ് മൊഴിയെടുത്തത്. മര്‍ദനത്തിന് പിന്നാലെ ഹോസ്റ്റല്‍ മെസിലെ കുക്ക് രാജിവെച്ചുപോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കോളജിലെ സെക്യൂരിറ്റിയും മൊഴി നല്‍കാന്‍ എത്തിയില്ല. ഇതിനുപുറമേ സിദ്ധാര്‍ഥന്‍ മോശമായി പെരുമാറിയെന്ന് ഇന്റേണല്‍ കമ്മിറ്റിയില്‍(സി.ഐ.സി.) പരാതിപ്പെട്ട പെണ്‍കുട്ടിയുടെ പരാതിയുടെ പകര്‍പ്പ് എസ്എഫ്‌ഐ ഏരിയാകമ്മിറ്റി ഭാരവാഹികള്‍ കോളജിലെത്തി വാങ്ങിക്കൊണ്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.