കട്ടപ്പന ഇരട്ടക്കൊലപാതകം; ബ്ലാക് മാജിക് പ്രമേയമാക്കി പ്രതിയുടെ ഓണ്‍ലൈന്‍ നോവലും ഇറങ്ങിയിരുന്നു

 കട്ടപ്പന ഇരട്ടക്കൊലപാതകം; ബ്ലാക് മാജിക് പ്രമേയമാക്കി പ്രതിയുടെ ഓണ്‍ലൈന്‍ നോവലും ഇറങ്ങിയിരുന്നു

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ദുര്‍മന്ത്രിവാദത്തെ കുറിച്ച് നോവല്‍ എഴുതിയതായി വെളിപ്പെടുത്തല്‍. ആഭിചാര ക്രിയകളിലൂടെ പെണ്‍കുട്ടിയെ സ്വന്തമാക്കുന്ന ദുര്‍മന്ത്രവാദിയുടെ കഥ പറയുന്ന നോവലാണ് നിതീഷ് എഴുതിയത്.

വിനോദത്തിനായി വായിച്ച നോവല്‍ അതിക്രൂര കൃത്യത്തിന്റെ ശേഷിപ്പായിരുന്നുവെന്ന ഞെട്ടലിലാണ് വായനക്കാര്‍. മഹാ മാന്ത്രികമെന്ന പേരില്‍ എഴുതിയ നോവലില്‍ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. 2018 മുതല്‍ ഓണ്‍ലൈന്‍ സൈറ്റില്‍ പ്രചരിച്ച നോവല്‍ ഇതിനോടകം അര ലക്ഷത്തോലം പേരാണ് വായിച്ചത്. കുറിച്ചിട്ട ഓരോ വരികളും ജീവന്‍ കുരുതിയെടുത്ത നിതീഷിന്റെ ജീവിതമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

നാടും നാട്ടുകാരുമായും ഏറെ ബന്ധമുളള കുടുംബമായിരുന്നു വിജയന്റേത്. ഭാര്യയും മകന്‍ വിഷണുവും മകളുമായി സമാധാനത്തോടെ കഴിഞ്ഞിരുന്ന കുടുംബം. എന്നോ അന്ധവിശ്വാസം അവരുടെ കുടുംബത്തെ കാര്‍ന്നു തുടങ്ങി. പഠനത്തില്‍ മിടുക്കിയായ വിജയന്റെ മകളുടെ കൈയ്ക്ക് തളര്‍ച്ച ബാധിച്ചു.

അങ്ങനെ അന്ധവിശ്വാസം ചെറിയ തോതില്‍ ഉണ്ടായിരുന്ന വിജയന്റെ കുടുംബത്തെ ദുമര്‍മന്ത്രവാദിയായ നിതീഷിനടുത്തേക്ക് എത്തിച്ചു. അതോടെ ആ കുടുംബം നിതീഷ് വരച്ച അന്ധവിശ്വാസത്തിന്റെ ലോകത്തേക്ക് മുഴുവനായി വീണു. മന്ത്രവാദ ചികിത്സയുടെ പേര് പറഞ്ഞ് ആ കുടുംബത്തോടൊപ്പം ചേര്‍ന്നു. പതിയെ പതിയെ കുടുംബം അവരുടെ ചുറ്റുപാടുകളില്‍ നിന്ന് ഉള്‍വലിഞ്ഞ് നിതീഷിന്റെ ചതിയുടെ അന്ധവിശ്വാസ ലോകത്തേക്ക് വീണു. വിജയന്റെ മകള്‍ നിതീഷിനാല്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം നല്‍കി.

ആ കുഞ്ഞിനെ ആഭിചാര ക്രിയകളുടെ പേര് പറഞ്ഞ് ബലികൊടുക്കണമെന്ന് നിതീഷ് നിര്‍ദേശിച്ചു. നിതീഷിന്റെ ചരടില്‍ ആടിയുലഞ്ഞ കുടുംബം ആ കുറ്റകൃത്യത്തിന് കൂട്ടുനിന്നു. തന്റെ പേരക്കുട്ടിയെ അച്ഛനായ നിതീഷിന് കൊലയ്ക്ക് പിടിച്ചുകൊടുത്തത് മുത്തച്ഛന്‍ വിജയനും. ഈ അരും കൊല നടന്നത് 2016 ല്‍. എന്നാല്‍ എല്ലാം മണ്ണോടൊപ്പം അലിഞ്ഞുവെന്ന വിശ്വസിച്ച് സമര്‍ത്ഥനായി ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയില്‍ നിതീഷ് ജീവിച്ചു.

2018 ല്‍ ഓണ്‍ലൈന്‍ സൈറ്റില്‍ മഹാമാന്ത്രികമെന്ന നോവലും എഴുതി തുടങ്ങി. ജീവിതം കഥയാക്കിയ നോവല്‍. പിഞ്ചുകുഞ്ഞിന്റെ കെലപാതകം പ്രതിപാദിക്കുന്നില്ലെങ്കിലും വിജയന്റെ കുടുംബത്തിലെ നുഴഞ്ഞുകയറ്റം തന്നെയായിരുന്നു. കഥയുടെ ഉടമയ്ക്ക് വില്ലനാകാന്‍ ആകുമോ നായകനാകാണമെന്ന് നിര്‍ബന്ധമുണ്ടോ, അത് വായനക്കാരനിലേക്ക് മുന്നോട്ടുവെക്കുകയാണ് നിതീഷ്.

ഒരു പെണ്‍കുട്ടിയെ ബലിയാടാക്കി ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ദുര്‍മന്ത്രവാദി. അയാള്‍ക്കെതിരെ പ്രവര്‍ത്തിച്ച് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് ഇതിവൃത്തം. കഥയുടെ സങ്കല്‍പ്പം ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ചുരുളഴിക്കുമ്പോള്‍ നിതീഷ് ആ ദുര്‍മന്ത്രവാദിയാണെന്ന വായനക്കാര്‍ക്ക് ചിന്തിക്കാം. വിജയന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാഞ്ചിയാറിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആഭിചാര ക്രികയകളുടെ ചില അവശേഷിപ്പുകളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നിതീഷിന്റെ നോവലിലും പ്രതിപാദിക്കുന്നത് ആഭിചാര ക്രിയകള്‍ തന്നെയാണെന്ന് അ്‌വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഒരു മോഷണക്കേസ് വഴിതുറന്നത് കൊടും കുറ്റ കൃത്യങ്ങളുടെ വലിയൊരു നിഗൂഢതയിലേയ്ക്കാണ്. ആറ് ഭാഗങ്ങളാക്കി പുറത്തിറക്കിയ നോവലും ഇപ്പോള്‍ തുടരും എന്ന അറിയിപ്പോടെയാണ് അവസാനിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.