വിവാദ പരാമര്‍ശം: നൃത്ത അധ്യാപിക സത്യഭാമക്കെതിരെ അന്വേഷണം; ഡിജിപിക്ക് നിര്‍ദേശം നല്‍കി പട്ടികജാതി കമ്മീഷന്‍

വിവാദ പരാമര്‍ശം: നൃത്ത അധ്യാപിക സത്യഭാമക്കെതിരെ അന്വേഷണം; ഡിജിപിക്ക് നിര്‍ദേശം നല്‍കി പട്ടികജാതി കമ്മീഷന്‍

തിരുവനന്തപുരം: നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരായ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ നൃത്ത അധ്യാപിക സത്യഭാമ ജൂനിയറിന് വീണ്ടും തിരിച്ചടി. സത്യഭാമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

അന്വേഷണം നടത്തി പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിരുന്നു. നര്‍ത്തകരുടെ നിറവുമായും സൗന്ദര്യവുമായും ബന്ധപ്പെട്ട് സത്യഭാമയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് നടപടി.
ചാലക്കുടിക്കാരന്‍ നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പേര് പരാമര്‍ശിച്ചില്ലെങ്കിലും പ്രതികരണവുമായി നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത് വന്നതോടെയാണ് വലിയ ചര്‍ച്ചയായത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപമടക്കം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍, പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം തുടങ്ങിയ പരാമര്‍ശങ്ങളാണ് സത്യഭാമ നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.