വെയിലും മഴയും കൊള്ളേണ്ട: യാത്രക്കാര്‍ക്ക് സൗജന്യ സ്മാര്‍ട്ട് കുടയുമായി ദുബായ് ആര്‍ടിഎ

വെയിലും മഴയും കൊള്ളേണ്ട: യാത്രക്കാര്‍ക്ക് സൗജന്യ സ്മാര്‍ട്ട് കുടയുമായി ദുബായ് ആര്‍ടിഎ

ദുബായ്: പൊതുഗതാഗത യാത്രക്കാര്‍ക്ക് 'ഷെയേര്‍ഡ് കുടകള്‍' വാഗ്ദാനം ചെയ്യുന്ന സേവനവുമായി ദുബായ്. ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യും പ്രമുഖ കനേഡിയന്‍ സ്മാര്‍ട്ട് അംബ്രല്ല ഷെയര്‍ സര്‍വീസ് കമ്പനിയായ അംബ്രാസിറ്റിയും സഹകരിച്ചാണ് സൗജന്യ സേവനം നടപ്പാക്കുന്നത്.

നിലവില്‍ അല്‍ ഗുബൈബ ബസ് ആന്‍ഡ് മെട്രോ സ്റ്റേഷനില്‍ 'സൗജന്യ' സ്മാര്‍ട്ട് കുട സേവനം ആരംഭിച്ചു. മഴയും വെയിലുമേല്‍ക്കാതെ കുട ചൂടി നടക്കണമെന്നുണ്ടെങ്കില്‍ നോല്‍ കാര്‍ഡ് ഉപയോഗിച്ച് സ്മാര്‍ട് കുട വാടകയ്ക്കെടുക്കാം. ഉപയോഗ ശേഷം ഇവ തിരിച്ചേല്‍പ്പിക്കണം. പദ്ധതി വിജയകരമാണെങ്കില്‍ മൂന്ന് മാസത്തിന് ശേഷം മറ്റ് മെട്രോ ബസ് സ്റ്റേഷനുകളിലേക്കും സര്‍വീസ് ആരംഭിക്കും.

ബര്‍ദുബായ് അല്‍ ഗുബൈബ ബസ് സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും സ്ഥാപിച്ച പ്രത്യേക അംബ്രല്ല ഷെയറിങ് നെറ്റ്‌വര്‍ക് മെഷീനില്‍ നിന്ന് നോല്‍ കാര്‍ഡ് ഉപയോഗിച്ച് കുടയെടുക്കാം. ഉപയോഗ ശേഷം ഇവിടെ തന്നെ അത് തിരിച്ചേല്‍പ്പിക്കാനും സംവിധാനമുണ്ട്. തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ കുടയുടെ വില നോല്‍ കാര്‍ഡില്‍ നിന്ന് ഈടാക്കും. മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് പെട്ടെന്ന് മഴ പെയ്താലോ, ചൂടത്തോ സുഖകരമായി നടക്കാനാകും വിധമാണ് കുട ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ദുബായില്‍ കാല്‍നടയാത്ര വര്‍ധിപ്പിക്കാനും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വെയിലും മഴയും കൊള്ളാതെ സൗകര്യപ്രദവും സുസ്ഥിരവും ആരോഗ്യകരവുമായ നഗര അന്തരീക്ഷം നല്‍കുന്നതിനാണ് പുതിയ സേവനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.