ചരിത്രപരമായ തീരുമാനം: കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികളും മോഹിനിയാട്ടം പഠിക്കും

ചരിത്രപരമായ തീരുമാനം: കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികളും മോഹിനിയാട്ടം പഠിക്കും

തൃശൂര്‍: മോഹിനിയാട്ടം ആണ്‍കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ഒരുക്കി കേരള കലാമണ്ഡലം. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. ലിംഗ ഭേദമന്യേ കലാമണ്ഡലത്തില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്ന് ഭരണസമിതി അറിയിച്ചു. വിഷയത്തില്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്.

കൂടാതെ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് മേക്കിങിലും കോഴ്‌സുകള്‍ ആരംഭിക്കും. കരിക്കുലം കമ്മിറ്റിയാണ് പാഠ്യപദ്ധതി നിശ്ചയിക്കുക.

കലാമണ്ഡലത്തില്‍ ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാന്‍ അവസരം ഒരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കലാമണ്ഡലം കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച ശേഷം സംസാരിക്കവെയാണ് അദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയ അധിക്ഷേപത്തിന്റെ പിന്നാലെയാണ് നൃത്തം അവതരിപ്പിക്കാന്‍ കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്‍ രാമകൃഷ്ണനെ ക്ഷണിച്ചത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശങ്ങളാണ് വിവാദമായത്.

ജെന്‍ട്രല്‍ ന്യൂട്രലായ അക്കാഡമിക സ്ഥാപനമായി കലാമണ്ഡലം നിലനില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് വൈസ് ചാന്‍സിലര്‍ അറിയിച്ചിരുന്നു. മോഹിനിയാട്ടത്തെക്കുറിച്ചും ആര്‍എല്‍വി രാമകൃഷ്ണന് നേരിടേണ്ടി വന്ന അധിക്ഷേപത്തെക്കുറിച്ചും ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കലാമണ്ഡലത്തിന്റെ തീരുമാനം.

എട്ടാം ക്ലാസ് മുതല്‍ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട് കേരള കലാമണ്ഡലത്തില്‍. നൂറിലേറെ വിദ്യാര്‍ഥിനികള്‍ പത്തിലേറെ കളരികളില്‍ ചുവടുറയ്ക്കുന്നു. അതിനാല്‍ തന്നെ അധിക തസ്തിക സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.