'ബിജെപിക്ക് വേണ്ടി മോഡിയുടെ മാച്ച് ഫിക്‌സിങ്; സഹായികള്‍ കോടീശ്വരന്മാര്‍': ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ രക്ഷിക്കാനെന്ന് രാഹുല്‍

'ബിജെപിക്ക് വേണ്ടി മോഡിയുടെ മാച്ച് ഫിക്‌സിങ്; സഹായികള്‍ കോടീശ്വരന്മാര്‍': ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ രക്ഷിക്കാനെന്ന് രാഹുല്‍

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം ഇന്ന് നടത്തിയ മഹാറാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

പ്രതിപക്ഷത്തെ നേതാക്കളെയെല്ലാം ജയിലിലാക്കി സംസ്ഥാനങ്ങളെ തകര്‍ത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി അന്വേഷണ ഏജന്‍സികളെ കേന്ദ്രം വരുതിയിലാക്കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പണമില്ലാതായതോടെ പാര്‍ട്ടിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും താളം തെറ്റി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ബിജെപിക്ക് വേണ്ടി ഈ മാച്ച് ഫിക്‌സിംഗ് മോഡി ഒറ്റക്കല്ല ചെയ്യുന്നത്.

അദേഹത്തിന് കോടിപതികളായ ചില സഹായികളും ഒപ്പമുണ്ട്. ഈ തിരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുളളതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടില്‍ എസ്‌ഐടി അന്വേഷണം വേണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന ജാര്‍ഖണ്ട് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്നിവരെ ഉടന്‍ വിട്ടയക്കണം.

എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ അവകാശം ഇലക്ഷന്‍ കമ്മീഷന്‍ ഉറപ്പ് വരുത്തണം. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തിനെതിരെ നടക്കുന്ന ഇഡി, ഐടി, സിബിഐ അന്വേഷണങ്ങള്‍ നിര്‍ത്തിവെക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി ബിജെപി കോണ്‍ഗ്രസ് പാര്‍ട്ടിയെ വരിഞ്ഞു മുറുക്കിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും കുറ്റപ്പെടുത്തി. സഖ്യം വേണോ, ജയില്‍ വേണോയെന്നാണ് നേതാക്കളോടുളള ചോദ്യം.

മൂവായിരത്തി അഞ്ഞൂറിലധികം കോടി അടക്കണമെന്നാണ് ആദായനികുതി വകുപ്പ് നല്‍കിയ നോട്ടീസ്. ജനാധിപത്യത്തെയും, ഭരണഘടനയേയും രക്ഷിക്കാനാണ് തിരഞ്ഞെടുപ്പെന്നും ഖാര്‍ഗെ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.