വന്യജീവി ആക്രമണം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; ജനരോഷം എങ്ങനെ തണുപ്പിക്കാമെന്ന് തലപുകഞ്ഞ് ഇടത് മുന്നണി

 വന്യജീവി ആക്രമണം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; ജനരോഷം എങ്ങനെ തണുപ്പിക്കാമെന്ന് തലപുകഞ്ഞ്  ഇടത് മുന്നണി

കൊച്ചി: മുന്നണികള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളും അവകാശ വാദങ്ങളുമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായ സാഹചര്യത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണം തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ സംസ്ഥാന സര്‍ക്കാര്‍.

തിങ്കളാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ പത്തനംതിട്ട കണമല തുലാപ്പള്ളി കുടിലില്‍ ബിജു(50) എന്ന കര്‍ഷകന്‍ കൂടി കൊല്ലപ്പെട്ടതോടെ ആളിക്കത്തിയ ജനരോഷം എങ്ങനെ തണുപ്പിക്കാനാകുമെന്ന അന്വേഷണത്തിലാണ് ഇടത് മുന്നണി.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും നഷ്ടമായ മനുഷ്യജീവന്‍ തിരികെ നല്‍കാന്‍ കഴിയുമോ എന്ന ഉറ്റവരുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയാതെ വലയുകയാണ് ഭരണകൂടം.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ എട്ട് പേരുടെ ജീവനാണ് വന്യമൃഗങ്ങള്‍ കവര്‍ന്നത്. നാല് ദിവസത്തിനുള്ളില്‍ മൂന്ന് പേര്‍ക്ക് നേരെയാണ് വന്യമൃഗ ആക്രമണം ഉണ്ടായത്. കുമളിയില്‍ പള്ളിയില്‍ പോയി മടങ്ങിയ കര്‍ഷകനെ കാട്ടുപോത്ത് ആക്രമിച്ചു. പാലക്കാട് വൃദ്ധയുടെ കാല്‍ കാട്ടുപന്നി കടിച്ചു മുറിച്ചെടുത്തു. രണ്ടു പേരും ഗുരുതരാവസ്ഥയിലാണ്.

കഴിഞ്ഞ 10 പത്ത് വര്‍ഷത്തിനിടെ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 998 പേരാണ്. 3,585 പേര്‍ക്ക് പരുക്കേറ്റു. കാട്ടാനകളുടെ ആക്രമണമാണ് കൂടുതല്‍ പേരുടെയും ജീവനെടുത്തത്. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ വ്യാപകമായ കൃഷി നാശവും വരുത്തുന്നു. 38,994 കര്‍ഷകര്‍ക്കാണ് കൃഷിനാശം നേരിട്ടത്.

എന്നിട്ടും ഇവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കാനോ, ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് മലയോര നിവാസികള്‍ ആരോപിക്കുന്നു.

അതേ സമയം വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേട്ടയാടുകയാണന്നും പരാതിയുണ്ട്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തി ഓടിക്കാന്‍ പോലും കര്‍ഷകര്‍ക്ക് കഴിയാത്ത സാഹചര്യമാണ്. എവിടെയെങ്കിലും ഒരു വന്യമൃഗം ചത്താല്‍ അതിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയില്‍ കെട്ടി വെയ്ക്കുകയാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.