'ഇത് കേരളത്തോടുള്ള വെല്ലുവിളി': ദി കേരള സ്റ്റോറി ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും

'ഇത് കേരളത്തോടുള്ള വെല്ലുവിളി': ദി കേരള സ്റ്റോറി ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന 'ദി കേരള സ്റ്റോറി' സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്ന് സിപിഎം. വ്യത്യസ്ത മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ കഴിയുന്ന കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് ദൂരദര്‍ശന്‍ പോലുള്ള പൊതുമേഖലാ മാധ്യമ സ്ഥാപനം കൂട്ടുനില്‍ക്കരുത്.

സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച 'കേരള സ്റ്റോറി'യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം.

നാളെ രാത്രി എട്ടിന് ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ചിത്രം ഇറങ്ങിയ കാലത്ത് തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നതാണ്. ട്രെയിലറില്‍ '32,000 സ്ത്രീകള്‍' മതം മാറി തീവ്രവാദ പ്രവര്‍ത്തനത്തിന് പോയി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ഘട്ടത്തില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

അധിക്ഷേപകരമായ പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് തന്നെ നിര്‍ദേശിച്ച ചിത്രമാണിത്. കമ്മ്യൂണിസ്റ്റ് പാര്‍ടികളേയും നേതാക്കളേയും മോശമായി ചിത്രീകരിക്കുന്ന സിനിമ, കേരളം തീവ്രവാദികളുടെ പറുദീസയാണെന്ന സംഘപരിവാറിന്റെ കള്ള പ്രചാരവേല ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ നീക്കമാണ് പെട്ടെന്ന് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നിലുള്ളത്.
ഒരു മണ്ഡലത്തിലും ബിജെപിക്ക് മുന്നേറാനായിട്ടില്ലെന്ന സാഹചര്യത്തിലാണ് വര്‍ഗീയ വിഷം ചീറ്റുന്ന സിനിമ പ്രദര്‍ശനവുമായി ദൂരദര്‍ശന്‍ മുന്നോട്ടു വരുന്നത്. അത്തരം നീക്കങ്ങളെ മതനിരപേക്ഷ കേരളം ജാഗ്രതയോടെ പ്രതിരോധിക്കുമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

പരസ്പര സാഹോദര്യത്തില്‍ വിവിധ മത വിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പര്‍ദ്ധ വളര്‍ത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ഈ സിനിമ. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളില്‍ മുന്‍പന്തിയില്‍ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢ ശ്രമമാണ് നടത്തുന്നത്.

സംഘപരിവാര്‍ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയര്‍ന്നു വന്നതാണ്. സംഘ പരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശന്‍ പോലെയുള്ള സ്ഥാപനം മാറരുത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വര്‍ഗീയ പ്രചരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്‍ശന്‍.

ഏപ്രില്‍ അഞ്ചിന് ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വര്‍ഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.