തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടുപോത്ത് തോട്ടം തൊഴിലാളിയുടെ ജീവനെടുത്തു. വാല്‍പ്പാറ സ്വദേശി അരുണാണ് മരിച്ചത്. തേയില തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ രാവിലെ എട്ട് മണിയോടെ ആയിരുന്നു ആക്രമണം.
കാട്ടുപോത്ത് അരുണിനെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ഉടനെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ ആയിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം ആനമല റോഡില്‍ കാട്ടാന ആംബുലന്‍സ് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. മലക്കപ്പാറ അപ്പര്‍ ഷോളയാറില്‍ നിന്ന് നട്ടെല്ലിന് പരിക്കേറ്റ രോഗിയെയും കൊണ്ട് ചാലക്കുടി ഭാഗത്തേക്ക് വരുമ്പോള്‍ വാച്ച്മരം ഭാഗത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
മൂന്ന് ആനക്കുട്ടികളടക്കം റോഡില്‍ നിന്നിരുന്ന പിടിയാനയാണ് ആംബുലന്‍സിനു നേരെ പാഞ്ഞടുത്തത്. ആന വരുന്നത് കണ്ട് ഡ്രൈവര്‍ സൈറണ്‍ മുഴക്കിയപ്പോള്‍ ആന പിന്തിരിഞ്ഞോടി. വെറ്റിലപ്പാറ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി നിരന്തരമായി കൃഷിനാശം ഉണ്ടാക്കുന്നുണ്ട്. ബുധനാഴ്ച രാത്രി ഇറങ്ങിയ കാട്ടാനകള്‍ നിരവധി ആളുകളുടെ പറമ്പുകളിലൂടെ സഞ്ചരിച്ച് വ്യാപകമായി കൃഷി നശിപ്പിച്ചു.
പാറേക്കാട്ട് മാനുവല്‍ ലിസ്റ്റന്റെ ഗേറ്റ് തകര്‍ത്ത് പറമ്പില്‍ കയറിയ കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വര്‍ഗീസ് ചേറ്റുപുഴക്കാരന്റെ കൃഷിയിടത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണ കയറിയ ആനകള്‍ കുലച്ചതും കുല വെട്ടാറായതുമായ നിരവധി വാഴകളും തെങ്ങും മറ്റു കാര്‍ഷിക വിളകളും നശിപ്പിച്ചു. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
കാട്ടാനയെക്കൊണ്ട് പൊറുതി മുട്ടിയ ജനം ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. കാലടി പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തില്‍ നിന്ന് രാത്രി പുഴ കടന്നു വരുന്ന കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചാണ് തിരികെ പോകുന്നത്. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ പുഴയരികിലെ സൗരോര്‍ജ വേലിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം മന്ദഗതിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.