'ഇനി ആറുവര്‍ഷം കൂടി സര്‍വീസ് ഉണ്ട്': പ്രതികാര നടപടി ഭയക്കുന്നുവെന്ന് ഹെഡ് നഴ്സ് പി.ബി അനിത

 'ഇനി ആറുവര്‍ഷം കൂടി സര്‍വീസ് ഉണ്ട്': പ്രതികാര നടപടി ഭയക്കുന്നുവെന്ന് ഹെഡ് നഴ്സ് പി.ബി അനിത

കോഴിക്കോട്: ഐസിയു പീഡന കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന ഹെഡ് നഴ്സ് പി.ബി അനിത കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി ജോലിയില്‍ തിരികെ പ്രവേശിച്ചു. ഇത്രനാള്‍ നീണ്ട പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അനിത മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചു എന്നതാണ് നിയമന ഉത്തരവില്‍ നിന്ന് മനസിലാകുന്നത്. സര്‍ക്കാര്‍ റിവ്യൂവിന് പോയാലും കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കര്‍ത്തവ്യം മാത്രമാണ് ചെയ്തത്. കോടതിയില്‍ നിന്ന് നീതിപൂര്‍വമായ നടപടി ഉണ്ടായി. സര്‍ക്കാരിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിക്കാന്‍ സാധിക്കില്ല. അതുമായി മുന്നോട്ടുപോകുമെന്നും അനിത പ്രതികരിച്ചു.

ആറ് ദിവസം വെയിലത്ത് നിന്നത് നിങ്ങള്‍ കണ്ടതല്ലേ. ഭരണാനുകൂല സംഘടനകളില്‍ നിന്ന് പ്രതികാര നടപടി ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇത്രയും കാലം പൊരുതി വിജയിച്ചില്ലേ. ഇനി ഒരു ആറുവര്‍ഷം സര്‍വീസ് ഉണ്ട്. അതും പൊരുതി തന്നെ നില്‍ക്കാമെന്ന് വിചാരിക്കുന്നുവെന്ന് അനിത പറഞ്ഞു.

സര്‍ക്കാര്‍ നീതിയൂടെ കൂടെ നില്‍ക്കണം. ഓരോ മെഡിക്കല്‍ കോളജിലും നമ്മളെ വിശ്വസിച്ച് വരുന്ന രോഗികള്‍ക്ക് അവിടത്തെ ജീവനക്കാര്‍ വേണ്ട സുരക്ഷ നല്‍കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരാണ്. ഇതില്‍ സര്‍ക്കാരിനും ജീവനക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്. സര്‍ക്കാര്‍ എല്ലാ ജീവനക്കാര്‍ക്കുമൊപ്പം നില്‍ക്കണം. എന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കോടതിയില്‍ സര്‍ക്കാര്‍ തെളിയിക്കട്ടെ. കോടതി തീരുമാനിക്കട്ടെയെന്നും അവര്‍ പറഞ്ഞു.

രണ്ടര മാസത്തോളം മെഡിക്കല്‍ ഗ്രൗണ്ടില്‍ ലീവില്‍ ആയിരുന്നു. ഒരു വര്‍ഷമായി പോരാട്ടത്തില്‍ തന്നെയാണ്. പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യൂണിഫോമില്‍ നിന്ന തന്നെ ഒരു എന്‍ജിഒ യൂണിയന്‍ നേതാവ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടുപോകും. തനിക്ക് സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കണമെന്നും അനിത കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.