സ്വത്ത് വിവരങ്ങള്‍ മറച്ചു വച്ചു; തൃശൂരില്‍ മാത്രം സിപിഎമ്മിന് 101 സ്ഥാവര ജംഗമ വസ്തുക്കളെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്

സ്വത്ത് വിവരങ്ങള്‍ മറച്ചു വച്ചു; തൃശൂരില്‍ മാത്രം സിപിഎമ്മിന് 101 സ്ഥാവര ജംഗമ വസ്തുക്കളെന്ന്  എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മാത്രം സിപിഎമ്മിന് 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്നും പാര്‍ട്ടി സ്വത്ത് വിവരങ്ങളില്‍ പലതും മറച്ചുവച്ചെന്നും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കില്‍ കാണിച്ചത് ഒരു കെട്ടിടം മാത്രമാണെന്നും ഏഴ് വസ്തുക്കള്‍ വിറ്റെന്നുമാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയില്‍ നിന്ന് തേടിയിട്ടുണ്ട്. പാര്‍ട്ടി ആദായ നികുതി കണക്കില്‍ കാണിച്ചത് ജില്ലാ ആസ്ഥാനത്തെ സ്വത്ത് വിവരങ്ങള്‍ മാത്രമാണ്. അതേസമയം പ്രാദേശിക തലത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് പിരിവില്‍ ഇ.ഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇങ്ങനെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേ,ണ ഏജന്‍സിയുടെ സംശയം.

കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. തൃശൂരിലുള്ള 25.ഓളം അക്കൗണ്ടുകള്‍ ഇത്തരത്തില്‍ രഹസ്യ അക്കൗണ്ടുകളായി പ്രവര്‍ത്തിച്ചെന്നും കണ്ടെത്തിയിരുന്നു.

ഇക്കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷനെയും റിസര്‍വ് ബാങ്കിനെയും അറിയിച്ചു. പിന്നാലെയാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്തതിന് പിന്നാലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിന് പുറമെ ഇടപാടുകളും ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ഇതുസംബന്ധിച്ച് ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച ഒരുകോടി രൂപ ചെലവഴിക്കരുതെന്നും സിപിഎം ജില്ലാ കമ്മിറ്റിക്ക് ആദായ നികുതി വകുപ്പ് നിര്‍ദേശം നല്‍കി.

അക്കൗണ്ടിലുള്ള പണത്തിന്റെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്നും ആദായ നികുതി വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് അടക്കം സംസാരിച്ചതിന് ശേഷം മറുപടി നല്‍കാമെന്നാണ് സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വം ആദായ നികുതി വകുപ്പിനെ അറിയിച്ചിരിക്കുന്നത്.

ഒന്നും ഒളിപ്പിക്കാനില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന്റെ പ്രതികരണം. നടപടി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ബാങ്ക് ഒഫ് ഇന്ത്യയില്‍ പാര്‍ട്ടിക്ക് അക്കൗണ്ട് ഉണ്ട്. ബാങ്ക് ഇടപാടുകളെല്ലാം നിയമം പാലിച്ചാണ് നടന്നതെന്നും എം.എം വര്‍ഗീസ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.