75 ലക്ഷം ബോട്ട് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക്; വലിയ അപകടമെന്ന് സൈബര്‍ വിദഗ്ദര്‍

75 ലക്ഷം ബോട്ട് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക്; വലിയ അപകടമെന്ന് സൈബര്‍ വിദഗ്ദര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനപ്രിയ ഇലക്ട്രോണിക് ഗാഡ്ജറ്റ് ബ്രാന്‍ഡായ ബോട്ടിന്റെ 7.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബിലേക്ക് ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഡാര്‍ക്ക് വെബ്. നിരോധിച്ച ആയുധങ്ങള്‍ മയക്ക് മരുന്നുകള്‍ പോലുള്ള കാര്യങ്ങള്‍ വാങ്ങാനും വില്‍ക്കാനുമാണ് ഡാര്‍ക്ക് വെബ് ക്രിമിനലുകള്‍ ഉപയോഗിക്കുന്നത്.

75 ലക്ഷത്തോളം വരുന്ന ബോട്ട് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായും ഇവ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായും ഫോര്‍ബ്‌സ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. പേര്, മേല്‍വിലാസം, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, കസ്റ്റമര്‍ ഐഡി തുടങ്ങിയ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോക്താവിന്റെ ആരോഗ്യ വിവരങ്ങളും ലൊക്കേഷനുകളും ഉള്‍പ്പെടെ വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. ഇവയും ചോര്‍ന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

75 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ അടങ്ങിയ 2 ജിബി ഫയല്‍ താനാണ് ചോര്‍ത്തിയതെന്ന് അവകാശവാദവുമായി ഷോപ്പിഫൈഗയ് എന്ന ഹാക്കര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ വ്യക്തിപരമായ വിവരങ്ങള്‍ ചോരുന്നതിലൂടെ വലിയ തട്ടിപ്പുകള്‍ക്ക് ഉപയോക്താക്കള്‍ ഇരയാകാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു. സാമ്പത്തിക തട്ടിപ്പ്, ഐഡന്റിറ്റി മോഷ്ടിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ഈ ഡേറ്റ ചോര്‍ച്ച കാരണമായേക്കാം.

ഇന്ത്യയിലെ ജനപ്രിയ ഗാഡ്‌ജെറ്റ് ബ്രാന്‍ഡുകളിലൊന്നാണ് ബോട്ട്. സ്മാര്‍ട് വാച്ചുകള്‍, സ്പീക്കറുകള്‍, ഇയര്‍ഫോണുകള്‍ എന്നിവയുടെ നിര്‍മാതാക്കളായ ബോട്ട് ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പറേഷന്‍ (ഐഡിസി) റിപ്പോര്‍ട്ടനുസരിച്ച് 2023 ലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വെയറബിള്‍ ബ്രാന്‍ഡാണ്.

ദശലക്ഷക്കണക്കിന് വരുന്ന ബോട്ട് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ വെല്ലിവിളിയാണ് ഈ ചോര്‍ച്ച ഉണ്ടാക്കിയിരിക്കുന്നത്.

അതേസമയം, വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വ്യക്തിവിവര സംരക്ഷണത്തിന് കമ്പനി മുന്‍ഗണന നല്‍കുന്നുണ്ടെന്നും ബോട്ട് വക്താവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.