കുതിച്ചുയരാനൊരുങ്ങി ഓസ്ട്രേലിയയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ്; വിക്ഷേപണം ക്വീന്‍സ്‌ലന്‍ഡില്‍നിന്ന്

കുതിച്ചുയരാനൊരുങ്ങി ഓസ്ട്രേലിയയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ്; വിക്ഷേപണം ക്വീന്‍സ്‌ലന്‍ഡില്‍നിന്ന്

ബ്രിസ്‌ബെയ്ന്‍: ഓസ്ട്രേലിയയില്‍ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ ഗില്‍മോര്‍ സ്പേസ് ടെക്നോളജീസ് നിര്‍മിച്ച എറിസ് റോക്കറ്റാണ് ക്വീന്‍സ്ലന്‍ഡില്‍ നിന്ന് ബഹിരാകാശത്തേക്കു കുതിക്കാനൊരുങ്ങുന്നത്. വിക്ഷേപണത്തിനായി ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. ആഴ്ചകള്‍ക്കുള്ളില്‍ ക്വീന്‍സ്ലന്‍ഡിലെ തീരദേശ പട്ടണമായ ബോവനില്‍ നിന്ന് റോക്കറ്റിന്റെ വിക്ഷേപണം നടക്കുമെന്നാണ് സൂചന.

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഓസ്ട്രേലിയന്‍ ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ ചുവടുവയ്പ്പായാണ് കമ്പനി ഈ വിക്ഷേപണത്തെ കാണുന്നത്. എറിസ് റോക്കറ്റിന് 25 മീറ്റര്‍ (82 അടി) ഉയരമുണ്ട്. വിക്ഷേപണത്തിന്റെ ഭാഗമായി നോര്‍ത്ത് ക്വീന്‍സ്ലന്‍ഡിലെ ലോഞ്ച്പാഡില്‍ റോക്കറ്റ് ലംബമായി ഉയര്‍ത്തി. 30,000 കിലോഗ്രാം ഭാരമുള്ള എറിസ് റോക്കറ്റിന്റെ നിര്‍മാണച്ചെലവ് 100 മില്യണ്‍ ഡോളറിലേറെയാണ്.

ബഹിരാകാശ രംഗത്ത് ചുവടുറപ്പിക്കാനുള്ള ഓസ്‌ട്രേലിയയുടെ ശ്രമങ്ങള്‍ക്ക് എറിസ് റോക്കറ്റിന്റെ വിക്ഷേപണം കൂടുതല്‍ ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുകെ പോലുള്ള രാജ്യങ്ങള്‍ 1950-കളുടെ അവസാനം മുതല്‍ തങ്ങളുടെ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ ഓസ്ട്രേലിയയിലെ വിദൂരമായ കേന്ദ്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. വടക്കന്‍ ക്വീന്‍സ്ലന്‍ഡില്‍ എറിസ് റോക്കറ്റ് വിക്ഷേപിക്കാനുള്ള തിരഞ്ഞെടുപ്പിന് ഭൂമിശാസ്ത്രപരമായ കാരണമുണ്ട്.
ഭൂമധ്യരേഖയ്ക്ക് സമീപം റോക്കറ്റ് വിക്ഷേപിക്കുന്നത് വലിയ നേട്ടമാണെന്ന് ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെക്കാനിക്കല്‍ ആന്‍ഡ് മൈനിംഗ് എഞ്ചിനീയറിംഗിലെ അസോസിയേറ്റ് പ്രൊഫസര്‍ മൈക്കല്‍ ഹെയ്റ്റ്സ്മാന്‍ പറഞ്ഞു.

'ഭൂമിയുടെ ഭ്രമണത്തില്‍ നിന്നുള്ള ഊര്‍ജ്ജം വിക്ഷേപണത്തിനായി ഉപയോഗിക്കാം, അതിനാല്‍ അധിക ഇന്ധനം ഉപയോഗിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏകദേശം 10,000 മാത്രം ജനങ്ങളുള്ള തീരദേശ നഗരമായ ബോവനില്‍ റോക്കറ്റ് വിക്ഷേപണത്തിന് സ്ഥിരമായ ഒരു അടിത്തറ സ്ഥാപിക്കുന്നത് വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മേയര്‍ റൈ കോളിന്‍സ് പറഞ്ഞു.

എറിസ് റോക്കറ്റ് വിജയകരമായി ബഹിരാകാശ ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍, മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിക്കുമെന്ന് ഗില്‍മോര്‍ സ്പേസ് ടെക്നോളജീസ് സഹസ്ഥാപകന്‍ ജെയിംസ് ഗില്‍മോര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.