കല്‍പറ്റ: വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ ഇന്ന് ഹോസ്റ്റലിലെത്തി പരിശോധന നടത്തും. സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ ആദ്യം കണ്ടവരോട് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ ഡീന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ രാവിലെ ഒമ്പതിന് കോളജിലെത്താനാണ് നിര്‍ദേശം.
മൃതദേഹം കണ്ടെത്തിയ കുളിമുറിയില്‍ ശാസ്ത്രീയ പരിശോധനയും നടത്തും. ഇതിനുള്ള ഫോറന്‍സിക് സംഘം ഉള്‍പ്പെടെ അന്വേഷണ സംഘത്തിലെ മുഴുവന്‍ പേരും ഇന്ന് പൂക്കോട് കോളജില്‍ എത്തും. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.
കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച സിബിഐ കഴിഞ്ഞ ദിവസം സിദ്ധാര്‍ഥന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിദ്ധാര്‍ഥന്റേത് കൊലപാതകമാണെന്ന സംശയത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കുടുംബം പ്രതികരിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ശാസ്ത്രീയ പരിശോധനയോടെ വ്യക്തത വരുമെന്നാണ് സി.ബി.ഐ നിഗമനം.
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളടങ്ങുന്ന ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. സിദ്ധാര്‍ഥ് കോളജിനുളളില്‍ ഒപ്പിടല്‍ ശിക്ഷയും അനുഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിക്കുന്നതിന് മുമ്പ് എട്ട് മാസത്തോളം യുവാവ് കോളജ് യൂണിയന്‍ പ്രസിഡന്റായ അരുണിന്റെ മുറിയില്‍ പോയി ഒപ്പിട്ടിരുന്നു എന്നായിരുന്നു സഹപാഠിയുടെ വെളിപ്പെടുത്തല്‍. പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോകുന്നതിന് തുല്യമായ ശിക്ഷയാണ് സിദ്ധാര്‍ത്ഥന് നല്‍കിയതെന്നായിരുന്നു സഹപാഠി വ്യക്തമാക്കിയത്. കോളജിലെ 166 വിദ്യാര്‍ത്ഥികളുടെ മൊഴികള്‍ ആന്റി റാഗിങ് സ്‌ക്വാഡ് എടുത്തിരുന്നു.
സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതിപ്പട്ടികയിലുളള വിദ്യാര്‍ത്ഥിയാണ് അരുണ്‍. സിദ്ധാര്‍ത്ഥ് കോളജിലെ ജനപ്രിയനായ വിദ്യാര്‍ത്ഥിയാണെന്ന അസൂയ കൊണ്ടാണ് പ്രതികള്‍ ആക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹോസ്റ്റലിന് സമീപത്തെ കുന്നിന്‍ മുകളില്‍ വച്ച് സിദ്ധാര്‍ഥനെ പ്രതികള്‍ മര്‍ദ്ദിക്കുമ്പോഴും ഒരു പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്നു എന്നും അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന തെളിവുകളോ സാക്ഷി മൊഴികളോ ലഭ്യമല്ല. ഇക്കാര്യത്തിലും കൂടുതല്‍ അന്വേഷണം ഉണ്ടാകും.
ഫെബ്രുവരി 18 നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിക്കുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ ഉച്ചയ്ക്ക് മുന്‍പ് തന്നെ കൂട്ടത്തോടെ ബത്തേരിയിലും കല്‍പ്പറ്റയിലും സിനിമ കാണാന്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്. ഈ കൂട്ടത്തില്‍ പ്രതിപ്പട്ടികയില്‍ ഉളളവരും ഉണ്ട്. സിനിമ കാണാന്‍ പോയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം കോളജിലെ സുരക്ഷാ ജീവനക്കാരന്‍ മൊഴി നല്‍കാന്‍ ഹാജരാകാത്തതും സിദ്ധാര്‍ഥിനെ മര്‍ദ്ദിച്ചതിന് പിന്നാലെ ഹോസ്റ്റലിലെ പാചകക്കാരന്‍ ജോലി ഉപേക്ഷിച്ചതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ 20 പ്രതികളും റിമാന്‍ഡിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.