ജെറുസലേം: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുറന്ന ഏറ്റുമുട്ടലിലേക്ക്. ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും തൊടുത്തു. ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ ഉടനീളം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ആക്രമണത്തില്‍ ഇസ്രയേലിലെ നെഗേവി വ്യോമത്താവളത്തിന് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലി സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ നിരവധി ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടതായി ഇസ്രയേല്‍ സൈനിക വക്താവ് സ്ഥിരീകരിച്ചു. ഇവയില്‍ ഭൂരിഭാഗവും അതിര്‍ത്തിക്ക് പുറത്തുവച്ച് തടഞ്ഞതായും ഇസ്രയേല്‍ അവകാശപ്പെട്ടു. വ്യോമാതിര്‍ത്തിക്ക് പുറത്ത് മാത്രം യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് 10 ക്രൂയിസ് മിസൈലുകള്‍ തകര്‍ത്തതായും വക്താവ് അറിയിച്ചു.
ഇറാന്റെ ആക്രമണത്തില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മറ്റൊരു മിസൈല്‍ ഇസ്രയേലിലെ സൈനിക താവളത്തില്‍ പതിച്ചതായും സൈനിക വക്താവ് അറിയിച്ചു. ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. മേഖലയില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാനും ഇറാഖും ലെബനനും വ്യോമ മേഖല അടച്ചിരിക്കുകയാണ്.
1979 ലെ ഇസ്ലാമിക വിപ്ലവം മുതലുള്ള ദശാബ്ദങ്ങള്‍ നീണ്ട ശത്രുതയ്ക്കിടയിലും ഇറാന്‍ ആദ്യമായാണ് ഇസ്രയേലിനെതിരെ നേരിട്ട് സൈനിക ആക്രമണം നടത്തുന്നത്. അതേസമയം ഏത് ആക്രമണവും നേരിടാന്‍ തയ്യാറെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഏപ്രില്‍ ഒന്നിന് സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കോണ്‍സുലര്‍ കെട്ടിടത്തിനുള്ളില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഇറാന്റെ ആരോപണം. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാന്‍ നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങളും നടന്നു.
ആക്രമണത്തിന് ഖെയ്ബാര്‍ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ സൈന്യം പ്രയോഗിച്ചതെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് അടിയന്തരമായി ചേര്‍ന്ന ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭാ യോഗം യുദ്ധകാല മന്ത്രിസഭയ്ക്ക് അധികാരം നല്‍കി. ഇതോടെ യുദ്ധവുമായി ബന്ധപ്പെട്ട ഇസ്രയേല്‍ മന്ത്രിസഭാ സമിതിക്ക് സുരക്ഷാ മന്ത്രിസഭയുടെ അനുമതിയില്ലാതെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും.
അതേസമയം ഇസ്രയേല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇന്നലെ ഇറാന്‍ പിടിച്ചെടുത്തിരുന്നു. കപ്പല്‍ ജീവനക്കാരില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 18 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് സൂചന. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പിലില്‍ ഉള്ളതെന്നാണ് വിവരം. നയതന്ത്ര ചാനല്‍ മുഖേന ഇറാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇവരുടെ മോചനത്തിന് ശ്രമിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രാലയവുമായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടിട്ടുണ്ട്.
ദുബായിലേക്ക് പോകുകയായിരുന്ന എംസിഎസ് ഏരീസ് കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ സൈന്യം ഇന്നലെ രാവിലെയാണ് പിടിച്ചെടുത്തത്. ഇസ്രയേലി ശതകോടീശ്വരന്‍ ഇയല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.