സിഡ്‌നി കത്തി ആക്രമണം; ദുഖവും പ്രാർത്ഥനയും രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

സിഡ്‌നി കത്തി ആക്രമണം; ദുഖവും പ്രാർത്ഥനയും രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഷോപ്പിങ് മാളിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ദുഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പാ തന്റെ ദുഖം രേഖപ്പെടുത്തുകയും ഇരകളായവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തത്.

സിഡ്‌നിയിലെ അക്രമാസക്തമായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഫ്രാൻസിസ് മാർപാപ്പ വളരെ ദുഖിതനായിരുന്നു. വിവേക ശൂന്യമായ ഈ ദുരന്തത്തിൽ നാശം വിതച്ച എല്ലാവർക്കും പ്രത്യേകിച്ച് ഇപ്പോൾ പ്രിയപ്പെട്ടവരുടെ വേർപാടിൽ വിലപിക്കുന്നവർക്ക് തന്റെ ആത്മീയ അടുപ്പത്തിന്റെ ഉറപ്പ് അയയ്ക്കുന്നെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു.
മരിച്ചവർക്കും പരിക്കേറ്റവർക്കും രക്ഷാപ്രവർത്തകർക്കും വേണ്ടി പരിശുദ്ധ പിതാവ് പ്രാർത്ഥനകൾ നടത്തി. രാജ്യത്തിന് ആശ്വാസത്തിന്റെയും ശക്തിയുടെയും ദൈവിക അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് മാരാ‍പാപ്പ ആശംസിച്ചെന്നും കർദിനാൾ പിയട്രോ പരോളിൻ വെളിപ്പെടുത്തി.

അതേസമയം അക്രമിയെ ഓസ്ട്രേലിയൻ പൊലീസ് തിരിച്ചറിഞ്ഞു. 40കാരനായ ജോയൽ കൗച്ചിയാണ് കത്തിയാക്രമണം നടത്തിയത്. വടക്ക് കിഴക്കൻ സംസ്ഥാനമായ ക്വീൻസ്‌ലാൻഡിൽ നിന്നാണ് ഇയാൾ എത്തിയതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അസിസ്റ്റൻറ് കമ്മീഷണർ ആൻറണി കുക്ക് അറിയിച്ചു. അക്രമിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്ത് പ്രേരണയാലാണ് ആക്രമണം നടത്തിയത് എന്നത് സംബന്ധിച്ച് തെളിവൊന്നും കിട്ടിയിട്ടില്ല. ഇയാൾ മാത്രമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

സിഡ്നിയിലെ തിരക്കേറിയ വെസ്റ്റ്ഫീൽഡ് ബോണ്ടി ജങ്ഷൻ മാളിലാണ് ആറു പേർക്ക് ജീവൻ നഷ്ടപ്പെട്ട കത്തിയാക്രമണം ഉണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞടക്കം നിരവധി പേർക്കാണ് പരിക്കേറ്റത്. അക്രമിയെ പൊലീസ് ഉദ്യോഗസ്ഥ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.