'ഇറാന്‍ കസ്റ്റഡിയിലുള്ള കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതര്‍; ഭക്ഷണം ലഭിക്കുന്നുണ്ട്': ആന്‍ ടെസ ജോസഫിന്റെ കുടുംബം

'ഇറാന്‍ കസ്റ്റഡിയിലുള്ള കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതര്‍; ഭക്ഷണം ലഭിക്കുന്നുണ്ട്': ആന്‍ ടെസ ജോസഫിന്റെ കുടുംബം

തൃശൂര്‍: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്ക് കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണന്ന് കപ്പലിലുള്ള തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫിന്റെ കുടുംബം. ആര്‍ക്കും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഭക്ഷണം ലഭിക്കുന്നുണ്ട്.

കപ്പലിലുള്ളവര്‍ അവരുടെ ജോലികള്‍ തുടരുന്നുണ്ട്. ഇറാനിലെ ഒരു തുറമുഖത്താണ് കപ്പല്‍. ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കമ്പനിയില്‍ നിന്നും വിവരം ലഭിച്ചതായി ആന്‍ ടെസയുടെ കുടുംബം പറഞ്ഞു.

കപ്പലില്‍ നാല് മലയാളികളുണ്ട് തൃശൂര്‍ സ്വദേശിയായ ആന്‍ ടെസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി സെക്കന്‍ഡ് എഞ്ചിനീയറായ ശ്യാം നാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി ധനേഷ് എന്നിവരാണ് മലയാളികള്‍. ഇവരുള്‍പ്പെടെ 17 പേരാണ് ഇന്ത്യക്കാുണ്ട്. കപ്പലില്‍ ആകെ 25 ജീവനക്കാരാണുള്ളത്.

ഇസ്രയേല്‍ പൗരനായ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍-സ്വിസ് കമ്പനി എം.എസ്.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചരക്ക് കപ്പലാണ് ഇറാന്‍ സേന പിടി കൂടിയത്. വിവരം കപ്പല്‍ കമ്പനി കോഴിക്കോട് വെള്ളിപറമ്പിലെ ശ്യാം നാഥിന്റെ കുടുംബത്തെ ഇന്നലെ ഉച്ചയോടെയാണ് അറിയിച്ചത്.

ഒമാന്‍ ഉള്‍ക്കടലിനു സമീപം ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഇസ്രയേല്‍ ബന്ധമുള്ള എം.എസ്.സി ഏരീസ് എന്ന ചരക്ക് കപ്പല്‍ ഹെലികോപ്ടറിലെത്തിയ ഇറാന്‍ റെവല്യൂഷനറി സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാന്‍ സമുദ്ര പരിധിയിലേക്ക് കൊണ്ടുപോയത്.

ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയന്‍-സ്വിസ് കമ്പനിയായ എം.എസ്.സിയാണു കപ്പലിന്റെ നടത്തിപ്പ്.

ഇസ്രയേല്‍ ചരക്ക് കപ്പലിലുള്ള 17 ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷയ്ക്കും മോചനത്തിനുമായി ഇറാന്‍ അധികൃതരെ ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്തുള്ള ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.