കല്പറ്റ: വയനാട്ടിലെ ജനങ്ങള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഗവ. മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതില്‍ ഇടത് മുന്നണി സര്‍ക്കാര്‍ മെല്ലപ്പോക്ക് നയമാണ് പിന്തുടരുന്നതെന്ന് രാഹുല്‍ ഗാന്ധി എം.പി. ജനങ്ങളുടെ ബുദ്ധിമുട്ട് പലതവണ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തി സമ്മര്‍ദം ചെലുത്തുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടു പോയില്ല. കല്പറ്റയില് യു.ഡി.എഫ് നിയോജക മണ്ഡലം നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ധനരായ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ യാഥാര്‍ഥ്യമാക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കും അവസരം നല്‍കണമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം സുതാര്യമായിരിക്കണമെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. കേരളത്തെ മാറ്റാന്‍ കഴിയുന്ന ജനങ്ങളുടെ പ്രകടനപത്രികയുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ കാര്‍ഷികമേഖലയെ രണ്ടോ, മൂന്നോ വ്യവസായികള്‍ക്കായി മോദി സര്‍ക്കാര്‍ തീറെഴുതുകയാണെന്നും, കാര്‍ഷികനിയമങ്ങളെ കുറിച്ച് ജനങ്ങള്‍ വ്യക്തമായി മനസിലാക്കിയിരുന്നെങ്കില്‍ രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുമായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ മെഡിക്കല്‍ കോളജ് ഉറപ്പാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലുണ്ടായ ആവേശം അതേപടി നിയമസഭ തെരഞ്ഞെടുപ്പിലും പ്രകടിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. രാഹുലിന്റെ പ്രസംഗം ജ്യോതി വിജയകുമാര്‍ പരിഭാഷപ്പെടുത്തി. നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്മാന് റസാക്ക് കല്പറ്റ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ല ചെയര്മാന് പി.പി.എ. കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന് എന്നിവര്‍ സംസാരിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി.പി. ആലി സ്വാഗതവും കെ.പി.സി.സി സെക്രട്ടറി ടി.ജെ. ഐസക്ക് നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.