ഗാർലാൻഡ്: ലോഗോസ് ഫിലിംസിന്റെ ബാനറിൽ ജോയ് കല്ലൂക്കാരൻ രചനയും സംവിധാനവും നിർവഹിച്ച് പ്രമുഖ താരങ്ങൾ അഭിനയിച്ച 'ദ ഹോപ്പ്' എന്ന മലയാളം സിനിമ അമേരിക്കയിലെ ഗാർലാൻഡ് സെൻറ് തോമസ് സിറോ മലബാർ പള്ളിയിൽ നിറഞ്ഞ സദസിന് മുന്നിൽ സൗജന്യ പ്രദർശനം നടത്തി.
ക്രിസ്ത്യൻ വിശ്വാസത്തിന് ഊന്നൽ നൽകി നിർമ്മിച്ച ചിത്രം പ്രദർശിപ്പിക്കാൻ മുൻ കൈ എടുത്തതിന് സെൻറ് തോമസ് സിറോ മലബാർ പള്ളി വികാരി ഫാദർ ജയിംസ് നിരപ്പേൽ ഇടവകയ്ക്ക് നന്ദി പറഞ്ഞു. ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും ചർച്ചക്കിടെ അഭിപ്രായങ്ങൾ ഉയർന്നുവന്നു. ദൈവീക അത്ഭുത രോഗശാന്തിയും മനുഷ്യ ജീവിതങ്ങളിലെ ദൈവീക ഇടപെടലുകളും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള അവബോധവും സൃഷ്ടിക്കുന്ന മികച്ച കലാസൃഷ്ടിയാണ് ദ ഹോപ്പ്. ബൈബിളിൻറെ സന്ദേശം എല്ലാ കാലത്തും എല്ലാവർക്കും എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഹോപ്പ് എന്ന സിനിമയിൽ ഫൊട്ടോഗ്രാഫിയും പശ്ചാത്തല സംഗീതവും മികച്ചതാണെന്നും കേരളം ലിറ്റററി സൊസൈറ്റി വൈസ് പ്രസിഡൻറ് സിജു വി ജോർജ് പറഞ്ഞു.
ചിത്രത്തിൻറെ ആശയ ആവിഷ്കാരത്തിന് പുതുമയില്ലെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡൻറ് സണ്ണി മാളിയേക്കൽ അഭിപ്രായപ്പെട്ടു. സണ്ണി കൊച്ചുപറമ്പിൽ, ടോണി നെല്ലുവെലിൽ, ബെന്നി ജോൺ എന്നിവരാണ് ചിത്രത്തിൻറെ പ്രവർത്തനം വിജയിപ്പിക്കുന്നതിനായി സജീവമായി പ്രവർത്തിച്ചത്.
സിജോ വർഗീസ് അഭിനയിച്ച ഡോ. ജോൺ അബ്രഹാം എന്ന കഥാപാത്രത്തിലൂടെയാണ് ജീവിതത്തെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചുമുള്ള ബോധ്യങ്ങളിലേക്ക് സിനിമ പ്രേക്ഷകരെ നയിക്കുന്നത്. ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം അദ്ധ്വാനിക്കുന്നവരാകാതെ ക്രിസ്തു വാഗ്ദാനം ചെയ്യുന്ന നിത്യതയെക്കുറിച്ച് സിനിമ ചിന്തകളും അറിവുകളും പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു.
രണ്ടു കോടിയിലധികം രൂപ മുതൽ മുടക്കി സാങ്കേതിക തികവോടെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു കൊമേഴ്‌സ്യൽ സിനിമയ്ക്കാവശ്യമായ ദൃശ്യഭംഗിയും സംഘർഷ മുഹൂർത്തങ്ങളും പാട്ടുകളും സൗണ്ട് ഇഫക്ടും സിനിമയെ ഒരു ഫാമിലി മൂവി എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നു.
1993 ൽ ഒരു ധ്യാനത്തിലൂടെ വലിയ ആന്തരിക പരിവർത്തനം ഉണ്ടായ ജോയ് കല്ലൂക്കാരൻ അപ്പോൾ മുതൽ നോർത്ത് ഇന്ത്യ മിഷനുകളിലെ സജീവ അംഗമാണ്. ദൈവവചനം ഫലപ്രദമായി പ്രഘോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2001ൽ സ്ഥാപിതമായ ഗോസ്പൽ ഫോർ ദ പുവർ എന്ന ആത്മീയ സംഘടനയുടെ പ്രസിഡന്റാണ് ജോയ് കല്ലൂക്കാരൻ. സുവിശേഷ പ്രഘോഷണത്തിൽ സിനിമയ്ക്കുള്ള പ്രാധാന്യം മനസിലാക്കി ഒരു കൂട്ടം ആളുകൾ ഇതിനായി മുന്നിട്ടിറങ്ങുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.