കോട്ടയം: സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് പ്രതി ഇപ്പോള്‍ ഉള്ളത്.
പാലാ പിണ്ണാക്കനാട് മൈലാടി എസ്.എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ ജോസ് മരിയ തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ കാസര്‍കോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മോഷണ ശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2015 ഏപ്രില്‍ 17 ന് പുലര്‍ച്ചെ 1.30 നാണ് സിസ്റ്റര്‍ ജോസ് മരിയ കൊല്ലപ്പെട്ടത്. മോഷണത്തിനായി മഠത്തില്‍ കയറിയ പ്രതി ശബ്ദം കേട്ടുണര്‍ന്ന സിസ്റ്ററെ കമ്പിവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം സാധാരണ മരണം എന്ന നിലയില്‍ കരുതിയിരുന്ന സംഭവം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സിസ്റ്റര്‍ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ശാസ്ത്രീയ പരിശോധന നടത്തിയാണ് കുറ്റപത്രം തയാറാക്കിയത്. കേസില്‍ 22 സാക്ഷികളെ വിസ്തരിച്ചു. 22 പേരും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്.
സിസ്റ്റര്‍ ജോസ് മരിയ മരണപ്പെട്ട 2015 ഏപ്രില്‍ 17 ന് ശേഷം മഠത്തില്‍ നിന്ന് 70000 രൂപ മോഷണം പോയ വിവരം ഇതിനിടെ മഠാധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചെന്നും പറയുകയായിരുന്നു. ഇതോടെയാണ് അമല കേസിനൊപ്പം ജോസ് മരിയയുടെ മരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയത്.
തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും അമല കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന കാസര്‍കോട് മുന്നാട് മെഴുവത്തെട്ടുങ്കല്‍ സതീഷ് ബാബു (35) നെ പിടികൂടുകയും ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
പിന്നീട് സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ തലയോട്ടി തകര്‍ന്ന നിലയില്‍ കണ്ടെത്തുകയും മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇത് ചെയ്തത് താനാണെന്ന് സതീഷ് തന്നെ വെളിപ്പെടുത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.