പ്രത്യാക്രമണം ഉണ്ടാകുമെന്ന് വീണ്ടും ഇസ്രയേല്‍; തിരിച്ചടിച്ചാല്‍ ഇതുവരെ കാണാത്ത ആയുധങ്ങള്‍ പുറത്തെടുക്കുമെന്ന് ഇറാന്റെ ഭീഷണി

പ്രത്യാക്രമണം ഉണ്ടാകുമെന്ന് വീണ്ടും ഇസ്രയേല്‍; തിരിച്ചടിച്ചാല്‍ ഇതുവരെ കാണാത്ത ആയുധങ്ങള്‍ പുറത്തെടുക്കുമെന്ന് ഇറാന്റെ ഭീഷണി

ഇസ്രയേല്‍ യുദ്ധകാര്യ മന്ത്രിസഭ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നാല് തവണയാണ് യോഗം ചേര്‍ന്നത്.

ടെല്‍ അവിവ്: ഇറാനെതിരെ പ്രത്യാക്രമണം നടത്തുമെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍. പശ്ചിമേഷ്യയില്‍ കൂടുതല്‍ സംഘര്‍ഷത്തിന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക വ്യക്തമാക്കിയ സാഹചര്യത്തില്‍ വ്യാപക യുദ്ധത്തിലേക്ക് പോകാത്ത വിധം കൃത്യവും പരിമിതവുമായിരിക്കും പ്രത്യാക്രമണമെന്ന് ഇസ്രയേല്‍ അമേരിക്കയെ അറിയിച്ചു.

ആക്രമണത്തിന് അമേരിക്കയുടെ പൂര്‍ണ പിന്തുണ ലഭ്യമാകാത്ത പശ്ചാത്തലത്തില്‍ ഇസ്രയേല്‍ യുദ്ധകാര്യ മന്ത്രിസഭ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നാല് തവണയാണ് യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്, മുന്‍ പ്രതിരോധ മന്ത്രിയും നെതന്യാഹുവിന്റെ എതിരാളിയുമായ ബെന്നറ്റ് ഗാന്റ്സ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഇന്നലെ ചേര്‍ന്ന മൂന്ന് മണിക്കൂര്‍ നീണ്ട യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിലാണ് ഇറാനെതിരെ പ്രത്യാക്രമണം നടത്താന്‍ ധാരണയായത്. ഇന്ന് വീണ്ടും യുദ്ധകാര്യ മന്ത്രിസഭ യോഗം ചേരും. നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ച് ഇസ്രായേലിനെതിരെ ആക്രമണം നടത്തിയ ഇറാന്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് സൈനിക മേധാവി റവ് അലുഫ് ഹെര്‍സി ഹലേവി പറഞ്ഞു.


ഇറാനെതിരെയുള്ള പ്രത്യാക്രമണത്തില്‍ അമേരിക്കയെ ഏകോപിപ്പിക്കണമെന്ന് ഇസ്രയേലിന് താല്‍പര്യമുണ്ടെങ്കിലും യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന സൂചനയാണ് അമേരിക്ക നല്‍കുന്നതെന്ന് ഇസ്രയേല്‍ ചാനലായ എന്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നിരുന്നാലും ഇറാനെ അക്രമിക്കാനുളള തീരുമാനം ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ അറിയിച്ചു. പ്രത്യാക്രമണം തീരുമാനിക്കേണ്ടത് ഇസ്രയേല്‍ ആണെന്ന് പെന്റഗണ്‍ വ്യക്തമാക്കിയതായാണ് അറിയുന്നത്.

എന്നാല്‍ കോണ്‍സുലേറ്റ് ആക്രമണത്തിനുള്ള മിനിമം നടപടി മാത്രമാണ് കഴിഞ്ഞ ദിവസം നല്‍കിയതെന്നും പ്രത്യാക്രമണം ഉണ്ടായാല്‍ മാരകവും വ്യാപ്തിയുള്ളതുമായിരിക്കും മറുപടിയെന്നും അതിനിടെ ഇറാന്‍ രാഷ്ട്രീയകാര്യ ഉപ വിദേശകാര്യ മന്ത്രി അലി ബഗേരി കാന്‍ പറഞ്ഞു. മുന്‍പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത, പുറം ലോകം അറിയാത്ത ആയുധങ്ങള്‍ ഉള്‍പ്പെടെ ഇതിനായി വിന്യസിക്കുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.