ന്യൂഡല്‍ഹി: ആള്‍ക്കൂട്ടക്കൊലപാതകം, ഗോസംരക്ഷണത്തിന്റെ പേരിലെ അക്രമങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആറാഴ്ചക്കകം മറുപടി നല്‍കണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഫലപ്രദമായി നേരിടാന്‍ 2018 ലെ സുപ്രീം കോടതിയുടെ വിധിക്ക് അനുസൃതമായി ഉടന്‍ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് വനിത സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ (എന്‍.എഫ്.ഐ.ഡബ്ല്യു) നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, അരവിന്ദ് കുമാര്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആറാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച് മിക്ക സംസ്ഥാനങ്ങളും മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. മറുപടി നല്‍കാത്ത സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ആറാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷം ഹര്‍ജി പരിഗണിക്കവേ കേന്ദ്രത്തിനും മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ഡിജിപിമാര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മറുപടി നല്‍കുന്നതില്‍ പല സംസ്ഥാനങ്ങളും വീഴ്ച വരുത്തുകയായിരുന്നു.
മധ്യപ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായെങ്കിലും ഇരകള്‍ക്കെതിരെ ഗോഹത്യക്ക് കേസെടുക്കുകയാണ് ചെയ്തതെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ നിസാം പാഷ പറഞ്ഞു. മാംസത്തിന്റെ രാസ പരിശോധന പോലും നടത്താതെ എങ്ങനെയാണ് ഗോഹത്യയുടെ പേരില്‍ കേസെടുത്തതെന്നും അക്രമത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും മധ്യപ്രദേശിനുവേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.