ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തനത്തില്‍ ജനത്തിന് ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കണം: സുപ്രീം കോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തനത്തില്‍ ജനത്തിന് ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രക്രിയയിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വി.വി പാറ്റുകളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് പരിഹരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വി.വി പാറ്റുകളുടെ എണ്ണം 100 ശതമാനമായി ഉയര്‍ത്തണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

ഇ.വി.എമ്മുകളുടെയും വി.വി പാറ്റുകളുടെയും വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും എല്ലാ പ്രക്രിയകളും കോടതിമുറിയില്‍ ഉള്ളവര്‍ മാത്രം മനസിലാക്കിയാല്‍ പോരാ, പൊതുജനങ്ങളും മനസിലാക്കണം. അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റികൊടുക്കണമെന്നും കോടതി വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ എങ്ങനെയാണ് വോട്ടെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും കൃത്രിമത്വം കാണിക്കാനുള്ള സാധ്യതകള്‍ എങ്ങിനെയെല്ലാമാണ് തടഞ്ഞിരിക്കുന്നതെന്നും വിശദീകരിക്കണമെന്നും ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇ.വി.എമ്മുകളും വി.വിപാറ്റുകളും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.

അതേസമയം കാസര്‍കോട് നടന്ന മോക്ക് പോളില്‍ ബിജെപിക്ക് അധികവോട്ട് ലഭിച്ചുവെന്ന റിപ്പോര്‍ട്ട് അഡ്വ. പ്രശാന്ത് ഭൂഷണ്‍ പരാമര്‍ശിച്ചു. തുടര്‍ന്ന് ഈ ആരോപണം പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീന്ദര്‍ സിങിനോട് കോടതി ആവശ്യപ്പെട്ടു.

ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ വിഷയം പരിശോധിച്ചുവെന്നും വാര്‍ത്ത തെറ്റാണെന്നും കമീഷന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. നിങ്ങള്‍ ഞങ്ങളോട് പറയുന്നതും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വാര്‍ത്തയും തമ്മില്‍ വ്യത്യാസം ഉണ്ടെന്നും വോട്ടര്‍മാരുടെ വിശ്വാസവും മുഴുവന്‍ സിസ്റ്റത്തിന്റെയും സമഗ്രതയും കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.