കോട്ടയം: നാട്ടിലേക്ക് തിരികെയെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ചരക്കുകപ്പലിലെ മലയാളി ജീവനക്കാരി ആന്‍ ടെസ ജോസഫ്. ഏപ്രില്‍ 13 ന് ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ നിന്ന് മോചിതയായ ആന്‍ ടെസ ഇന്നാണ് നാട്ടിലെത്തിയത്.
തനിക്ക് ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. വിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെട്ടിട്ടാണ് ഇത്ര പെട്ടെന്ന് മോചനം സാധ്യമായത്. അവര് മാത്രമല്ല താന്‍ കാണാത്തതും തനിക്കറിയാത്തതുമായ ഒരുപാട് പേര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി പറയുന്നു. കോട്ടയത്തെ വീട്ടിലെത്തിയ ആന്‍ ടെസ മാധ്യമങ്ങളോട് പറഞ്ഞു.
ഇങ്ങനെയൊരു സംഭവം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കപ്പല്‍ പിടിച്ചെടുത്തെങ്കിലും അതിലെ ജീവനക്കാര്‍ക്ക് യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു കുഴപ്പവുമില്ലായിരുന്നു. മെസില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കാം. കഴിച്ച ശേഷം തിരികെ ക്യാബിനിലേക്ക് പോകാന്‍ അവര്‍ പറയും അത്രയേ ഉള്ളൂ. കപ്പലിലെ അനുഭവം ആന്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചു.
അവര്‍ ജീവനക്കാരെ ഉപദ്രവിട്ടില്ല. രാജ്യങ്ങള്‍ തമ്മിലാണല്ലോ പ്രശ്നം. അതുകൊണ്ട് ആള്‍ക്കാരെ അവര്‍ ഉപദ്രവിച്ചില്ല. താന്‍ ഉള്‍പ്പെടെ നാല് മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇന്ത്യക്കാര്‍ 16 പേര്‍ അവിടെയുണ്ട്. അവരെയും പെട്ടെന്ന് തന്നെ മോചിപ്പിക്കുമെന്നാണ് അറിഞ്ഞത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അതിനായി പരിശ്രമിക്കുന്നുണ്ട്. പെണ്‍കുട്ടിയായി ഞാന്‍ മാത്രമാണ് കപ്പലിലുണ്ടായിരുന്നത്. അതുകൊണ്ടാകാം തന്നെ ആദ്യം മോചിപ്പിച്ചതെന്ന് ആന്‍ പറഞ്ഞു.
തനിക്ക് കപ്പലിലേക്ക് തിരികെ പോകണം. കാരണം ആഗ്രഹിച്ചെടുത്ത മേഖലയാണ് ഇത്. തന്റെ ആദ്യ കപ്പലാണ് ഇത്. ഒമ്പതുമാസം മുമ്പാണ് കയറിയത്. മൂന്ന് വര്‍ഷം പഠിച്ച ശേഷമാണ് കപ്പലില്‍ കയറിയത്. ആഗ്രഹിച്ചെടുത്ത കോഴ്സായതുകൊണ്ട് ഈ മേഖല ഉപേക്ഷിക്കില്ല. ഈ അനുഭവത്തെ ജീവിതത്തിന്റെ ഭാഗമായിട്ടാണ് കാണുന്നതെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു. ടെഹ്റാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേയും ഇറാന്‍ സര്‍ക്കാരിന്റേയും സംയുക്ത ശ്രമഫലമായാണ് ആന്‍ ടെസയുടെ മോചനം സാധ്യമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.