മണിപ്പൂരില്‍ പോളിങ് ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമം; വോട്ടിങ് മെഷീനുകള്‍ തകര്‍ത്തു: പശ്ചിമ ബംഗാളിലും ഛത്തിസ്ഗഡിലും സംഘര്‍ഷം

മണിപ്പൂരില്‍ പോളിങ് ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമം; വോട്ടിങ്  മെഷീനുകള്‍ തകര്‍ത്തു: പശ്ചിമ ബംഗാളിലും ഛത്തിസ്ഗഡിലും സംഘര്‍ഷം

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പലയിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മണിപ്പൂരില്‍ പോളിങ് ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമം നടന്നു. ഇംഫാല്‍ ഈസ്റ്റില്‍ പോളിംങ് മെഷീനുകള്‍ അക്രമികള്‍ തകര്‍ത്തു. അക്രമികളെ പിരിച്ചു വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. മണിപ്പൂരിലെ പോളിങ് രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമ സംഭവങ്ങളുണ്ടായത്.

ആയുധധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തി വെച്ചിരിക്കുകയാണ്. അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇതിന് പുറമെ ബിഷ്ണുപൂര്‍ ജില്ലയിലെ തമ്നപൊക്പിയില്‍ സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലും സംഘര്‍ഷമുണ്ടായി. ഇതില്‍ പരസ്പരം പഴിചാരി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. ചന്ദമാരിയില്‍ ജനങ്ങളെ വോട്ടെടുപ്പില്‍ നിന്ന് തടയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായി ബിജെപി ആരോപിച്ചു. ബെഗാകത്ത മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയതായി ടിഎംസിയും ആരോപിച്ചു. പത്ത് മണി വരെ ഒരു ഡസനോളം പരാതികളാണ് കൂച്ച് ബിഹാര്‍ മേഖലയില്‍ മാത്രം ഉയര്‍ന്നത്.

ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സ്ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബീജാപൂര്‍ ജില്ലയിലെ ഗുല്‍ഗാം മേഖലയില്‍ രാവിലെ ആയിരുന്നു സ്ഫോടനം. പോളിങ് സ്റ്റേഷന് 500 മീറ്റര്‍ മാത്രം മാറിയുണ്ടായ സ്ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലെ അല്‍മോറ സുനിയക്കോട്ട് ഗ്രാമത്തിലെ വോട്ടര്‍മാര്‍ 'റോഡ് നഹി തോ വോട്ട് നഹി' എന്ന മുദ്രാവാക്യവുമായി ഘോഷ യാത്ര നടത്തുകയും വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു.

രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. 16.63 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഒന്നാം ഘട്ടത്തില്‍ 1.87 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ജനവിധി തേടുന്ന 1600 സ്ഥാനാര്‍ഥികളില്‍ എട്ട് കേന്ദ്ര മന്ത്രിമാര്‍, രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, ഒരു മുന്‍ ഗവര്‍ണര്‍ എന്നിവര്‍ ഉള്‍പ്പെടുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.