സിഡ്‌നിയില്‍ ബിഷപ്പിനു നേരെയുണ്ടായ ഭീകരാക്രമണം; കൗമാരക്കാരനെതിരേ തീവ്രവാദക്കുറ്റം ചുമത്തി

സിഡ്‌നിയില്‍ ബിഷപ്പിനു നേരെയുണ്ടായ ഭീകരാക്രമണം; കൗമാരക്കാരനെതിരേ തീവ്രവാദക്കുറ്റം ചുമത്തി

സിഡ്‌നി: സിഡ്‌നിയിലെ പള്ളിയില്‍ ശുശ്രൂഷയ്ക്കിടെ ബിഷപ്പിനു നേരെ ആക്രമണം നടത്തിയ കൗമാരക്കാരനെതിരേ പൊലീസ് തീവ്രവാദക്കുറ്റം ചുമത്തി. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് കുട്ടിക്കുറ്റവാളിക്കെതിരേ ചുമത്തപ്പെട്ടിരിക്കുന്നത്. സിഡ്‌നിയിലെ കുട്ടികളുടെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആക്രമണത്തിനിടെ പരിക്കേറ്റ് പൊലീസ് കാവലില്‍ കഴിയുന്ന അക്രമി ആശുപത്രിക്കിടക്കയില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സ് വഴി വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി.

മതതീവ്രവാദ പ്രേരണയാലാണ് പതിനാറുകാരന്‍ ആക്രമണം നടത്തിയതെന്നാണ് ഓസ്‌ട്രേലിയന്‍ പൊലീസിന്റെ കണ്ടെത്തല്‍. ആറു തവണയാണ് ബിഷപ്പിനെ ഇയാള്‍ കത്തി കൊണ്ട്‌ കുത്തിയത്. പ്രതിയെ തീവ്രവാദ വിരുദ്ധ ടീമിലെ പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്യുകയും തീവ്രവാദ പ്രവര്‍ത്തനത്തിന് കുറ്റം ചുമത്തുകയും ചെയ്തു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.

ആക്രമണം നടത്താന്‍ അക്രമി സ്വന്തം വീട്ടില്‍നിന്നു സിഡ്‌നിയുടെ പടിഞ്ഞാറന്‍ പ്രദേശമായ വേക്ലിയില്‍ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലേക്ക് 90 മിനിറ്റ് യാത്ര നടത്തിയെന്നും പോലീസ് പറയുന്നു. പ്രവാചകനെ അധിക്ഷേപിച്ചെന്ന് ആക്രോശിച്ചാണ് ബിഷപ്പ് മാര്‍ മാറി ഇമ്മാനുവേലിനെയും വൈദികന്‍ ഫാ. ഐസക് റോയേലിനെയും കൗമാരക്കാരന്‍ കുത്തിയത്. അറബിയിലായിരുന്നു ഇയാള്‍ സംസാരിച്ചതെന്നും സിഡ്‌നി ഫെഡറല്‍ പൊലീസ് കമ്മിഷണര്‍ റീസ് കെര്‍ഷോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അക്രമിയെ വിശ്വാസികള്‍ ചേര്‍ന്നാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. അക്രമിക്കെതിരേ കത്തിയാക്രമണവുമായി ബന്ധപ്പെട്ട് മുന്‍പ് മൂന്ന് കേസുകളുണ്ടായിട്ടുണ്ട്. കൗമാരക്കാരന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെ കൗമാരക്കാരന്റെ മാനസികനില പരിശോധിക്കാന്‍ കോടതി ജൂണ്‍ 14 വരെ അക്രമിയെ റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍നിന്നു വിട്ടാല്‍ ഇയാളെ ജുവൈനല്‍ ഹോമില്‍ പ്രവേശിപ്പിക്കും.

ബിഷപ്പിനെ ആക്രമിച്ചതിന് പിന്നാലെ രോഷാകുലരായ ജനക്കൂട്ടം അക്രമിയെ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പള്ളിക്ക് പുറത്ത് കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. 50 ലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും 20 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഈ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്.

ആശുപത്രിയില്‍ കഴിയുന്ന ബിഷപ്പ് തന്നെ ആക്രമിച്ച പ്രതിയോട് ക്ഷമിച്ചതായി വ്യക്തമാക്കിയിരുന്നു. വിശ്വാസി സമൂഹത്തിന് നല്‍കിയ ശബ്ദ സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്. 'നീ എന്റെ മകന്‍; ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എപ്പോഴും നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും' എന്നാണ് ബിഷപ്പ് പ്രതികരിച്ചത്.

കര്‍ക്കശമായ നിയമങ്ങള്‍ കാരണം തോക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കത്തി ആക്രമണങ്ങളും അപൂര്‍വമായ ഓസ്ട്രേലിയയിലുണ്ടായ ഈ ദാരുണമായ സംഭവം കൂടുതല്‍ പൊതു സുരക്ഷയ്ക്കുള്ള ആഹ്വാനത്തിന് കാരണമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.