സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി; ഡമ്മിയുടെ പത്രികയും അസാധു

സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി; ഡമ്മിയുടെ പത്രികയും അസാധു

അഹമ്മദാബാദ്: ഗുജറാത്തില്‍ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയുടെ നാമനിര്‍ദേശ പത്രിക തള്ളി. നിലേഷിനെ പിന്തുണച്ചു കൊണ്ടുള്ള മൂന്നുപേരുടെ ഒപ്പ് വ്യാജമാണെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് പത്രിക തള്ളിയത്. ഒപ്പ് തങ്ങളുടേതല്ലെന്ന് മൂന്നുപേരും ജില്ലാ ഇലക്ഷന്‍ ഓഫീസറെ അറിയിക്കുകയായിരുന്നു.

കനത്ത സുരക്ഷയുടെ അകമ്പടിയില്‍ ജില്ലാ വരണാധികാരി നടത്തിയ പ്രത്യേക ഹിയറിങിലാണ് നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചു കൊണ്ടുള്ള മൂന്ന് പേരുടെയും ഒപ്പില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പത്രിക തള്ളിയതായി വരണാധികാരി അറിയിക്കുകയായിരുന്നു.

പിന്തുണച്ചവരെ നേരില്‍ ഹാജരാക്കാന്‍ ജില്ലാ വരണാധികാരി നിലേഷ് കുംഭാനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരെ കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കാണാനില്ല. ഇവരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ബിജെപിക്കാര്‍ ഇവരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. പിന്തുണച്ചവരില്‍ ഒരാള്‍ നിലേഷിന്റെ സഹോദരീ ഭര്‍ത്താവാണ്.

ഇവരെ തട്ടിക്കൊണ്ടു പോയതായി ആരോപിച്ച് നിലേഷ് കുംഭാനി ഉംറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സൂറത്തില്‍ നിലേഷ് കുംഭാനിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സുരേഷ് പദ്ശലയുടെ പത്രികയും തള്ളിയിട്ടുണ്ട്. ഇയാളെ നിര്‍ദേശിച്ച വ്യക്തിയും പിന്മാറിയതോടെയാണ് പത്രിക തള്ളിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.