അമേരിക്കന്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭം; ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് ഇസ്രയേല്‍ വിരുദ്ധ  പ്രക്ഷോഭം; ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്തമായ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് പാലസ്തീന്‍ അനുകൂല പ്രതിഷേധം സംഘടിപ്പിച്ച ഇരുനൂറിലധികം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഇസ്രയേലിനെതിരേ ഒരാഴ്ച്ചയിലേറെയായി സമരം നടത്തുന്ന കൊളംബിയ, യേല്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹാര്‍വാര്‍ഡ്, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ(എംഐടി) ഉള്‍പ്പെടെ നിരവധി ക്യാമ്പസുകളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പാലസ്തീന്‍ പതാകകളും ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ബാനറുകളും പ്രദര്‍ശിച്ച നിരവധി ടെന്റുകള്‍ ക്യാമ്പസില്‍ അനധികൃതമായി സ്ഥാപിച്ചാണ് പ്രതിഷേധം തുടരുന്നത്.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് റഗുലര്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ചു. ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമാണ് ഉണ്ടാവുകയെന്ന് യുണിവേഴ്‌സിറ്റി പ്രസിഡന്റ് നെമത് മിനൗഷെ ഷഫിക് അറിയിച്ചു.

കാമ്പസിലും പരിസരത്തും വര്‍ദ്ധിച്ചുവരുന്ന യഹൂദവിരുദ്ധത മൂലം ജൂത വിദ്യാര്‍ത്ഥികളോട് ക്യാമ്പസ് വിട്ടുപോകാന്‍ നിര്‍ദേശിച്ച് ജൂത പുരോഹിതനായ റബ്ബി എലീ ബ്യൂച്ലര്‍ മുന്നറിയിപ്പ് നല്‍കി.

അഞ്ച് ദിവസമായി ക്യാമ്പസില്‍ പാലസ്തീനെ അനുകൂലിച്ച് കൊണ്ടും ഇസ്രയേലിനെതിരായും വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. നൂറിലേറെ വിദ്യാര്‍ത്ഥികളെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത് പ്രശ്നം രൂക്ഷമാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ജുതവിദ്യാര്‍ത്ഥികളോട് ക്യാമ്പസിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് പുരോഹിതന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

'ഭയാനകമായ കാര്യങ്ങള്‍ക്കാണ് ക്യാമ്പസിനകത്തും പരിസരങ്ങളിലും ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ജൂത വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ജൂത വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും സര്‍വകലാശാലയുടെ സുരക്ഷ ഉറപ്പവരുത്താനും അധികൃതര്‍ക്ക് കഴിയില്ലെന്ന് കഴിഞ്ഞ രാത്രികളിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

ഈ പശ്ചാലത്തില്‍ ക്യാമ്പസിലെയും പരിസരത്തെയും അന്തരീക്ഷം മെച്ചപ്പെടുന്നതു വരെ വീടുകളിലേക്ക് മടങ്ങാന്‍ ഏറെ വേദനയോടെ ജൂത വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നു. ക്യാമ്പസിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് നമ്മുടെ ജോലിയല്ല. ഈ വെറുപ്പ് ആരും സഹിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ സ്‌കൂളില്‍ തുടരേണ്ടതില്ല' - ജ്യൂയിഷ് ലേണിങ് ഇനീഷ്യേറ്റീവ് ഓഫ് ക്യാമ്പസ് ഓര്‍ത്തഡോക്‌സ് യൂണിയന്‍ ഡയറക്ടറായ ബ്യൂച്ലര്‍ പറഞ്ഞു

വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് അപലപിക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലങ്ങളിലായി ജൂതര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും സമൂഹത്തിലും കലാലയങ്ങളിലും ഓണ്‍ലൈനിലും ഇതിനായുള്ള ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടണ്ടെന്നും രാജ്യത്തൊരിടത്തും പ്രത്യേകിച്ച് കലാലയങ്ങളിലും ഇത് അനുവദിക്കില്ലെന്നുമാണ് ബൈഡന്‍ പറഞ്ഞിട്ടുള്ളത്. ബൈഡന്റെ ഈ പ്രസ്താവന കൂടി കണക്കിലെടുത്ത് കൊണ്ടാണ് ജൂതവിദ്യാര്‍ത്ഥികളോട് ക്യാമ്പസിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് പുരോഹിതര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുക, അമേരിക്ക ഇസ്രയേലിന് നല്‍കുന്ന സഹായം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ടെന്റുകള്‍ വളഞ്ഞാണ് പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.

കാമ്പസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മിനൗഷെ ഷഫിക് പറഞ്ഞു. കാമ്പസില്‍ പോലീസിനെ അനുവദിച്ചതില്‍ ഖേദമുണ്ടെന്നും എന്നാല്‍ തനിക്ക് മറ്റ് മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞു. സര്‍വകലാശാല 15 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും യഹൂദ വിരുദ്ധതയ്ക്ക് കാമ്പസില്‍ സ്ഥാനമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രദേശം ഒഴിയാനുള്ള മുന്നറിയിപ്പുകള്‍ ലംഘിച്ചതിന് യേല്‍ സര്‍വകലാശാലയില്‍ നിന്ന് 60 ലധികം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയ 120 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി, ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, ചാപ്പല്‍ ഹില്ലിലെ നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.