ഭൂമിയെ സംരക്ഷിക്കുന്നതിൽ നാം പരാജയപ്പെട്ടു; ഭൂമിയുടെ സംരക്ഷിതരാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു; 'ലൗദാത്തോ സി'യിലെ ആഹ്വാനം ആവർത്തിച്ച് ലോക ഭൗമദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ

ഭൂമിയെ സംരക്ഷിക്കുന്നതിൽ നാം പരാജയപ്പെട്ടു; ഭൂമിയുടെ സംരക്ഷിതരാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു; 'ലൗദാത്തോ സി'യിലെ ആഹ്വാനം ആവർത്തിച്ച് ലോക ഭൗമദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ലോക ഭൗമദിനത്തിൽ ഭൂമിക്കും ലോക സമാധാനത്തിനും വേണ്ടിയുള്ള ധീരമായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് വീണ്ടും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. നമ്മുടെ ഗ്രഹം അഭിമുഖീകരിക്കുന്ന നിർണായകമായ പാരിസ്ഥിതിക വെല്ലുവിളികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവ പരിഹരിക്കാനുള്ള ശ്രമങ്ങളെ ഊർജസ്വലമാക്കുന്നതിനും വേണ്ചി 1970 ലാണ് അന്താരാഷ്ട്ര ഭൗമ ദിനം ആചരിച്ച് തുടങ്ങിയത്.

വ്യക്തികൾക്കും സമൂഹങ്ങൾക്കും സ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും ഒത്തുചേരാനും പരിസ്ഥിതി വ്യവസ്ഥകളെ നന്നാക്കാനും സുഖപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനും ഭാവി തലമുറകൾക്കായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഭൗമ ദിന ആചരണം അവസരമൊരുക്കുന്നു.

ജീവിക്കാനുള്ള ധാരാളം സമ്പത്തുകൾ മുൻ തലമുറക്കാർ പകർന്ന് നൽകുന്നുണ്ടെങ്കിലും ഭൂമിയെ സംരക്ഷിക്കാൻ കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് പാപ്പ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു. നമ്മുടെ തലമുറ ഒരുപാട് സമ്പത്ത് ദാനം ചെയ്തിട്ടുണ്ട്. പക്ഷേ ഭൂമിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. നാശത്തിലേക്ക് വീഴുന്ന ഭൂമിയുടെ സംരക്ഷകരായി മാറാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നെന്ന് പാപ്പ പറഞ്ഞു. 2015 ലെ 'ലൗദാത്തോ സി' എന്ന ചാക്രിക ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഭൂമിയുടെ സംരക്ഷണത്തെക്കുറിച്ചും വ്യക്തികളോടും സമൂഹങ്ങളോടും സർക്കാരുകളോടും പ്രകൃതിയെ പരിപാലിക്കാനുള്ള ആഹ്വാനം പാപ്പ വീണ്ടും ആവർത്തിച്ചു.

പ്ലാസ്റ്റിക് രഹിത പ്രപഞ്ചം

പരിസ്ഥിതി സംരക്ഷണത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന വസ്‌തുവാണ് പ്ലാസ്റ്റിക്. ഭൂമിയുടെ വര്‍ഗ ശത്രുവായി പ്ലാസ്റ്റിക്കിനെ കണക്കാക്കുന്നു. പ്ലാസ്റ്റിക് ഉപയോഗം അതിന്‍റെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് 54-ാമത് ലോക ഭൗമ ദിനത്തിന്‍റെ കടന്നുവരവ്. അതിനാല്‍ തന്നെ ഇക്കൊല്ലത്തെ ഭൗമ ദിനത്തിന്‍റെ സന്ദേശം പ്ലാസ്റ്റിക് രഹിത പ്രപഞ്ചം എന്നതായിരുന്നു.

യുകെ ഉള്‍പ്പടെ 50ല്‍ അധികം രാജ്യങ്ങളാണ് 2040ഓടെ പ്ലാസ്റ്റിക് കൊണ്ടുള്ള മലിനീകരണം ഇല്ലാതാക്കാന്‍ കര്‍മ രംഗത്തുള്ളത്. പ്ലാസ്റ്റിക്കിന്‍റെ ഉത്‌പാദനവുമായി ബന്ധപ്പെട്ട് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട പഠനം പറയുന്നത് ഞെട്ടിക്കുന്ന കണക്കാണ്. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഉത്‌പാദിപ്പിക്കപ്പെട്ടത് ഏകദേശം 800 കോടി ടണ്‍ പ്ലാസ്റ്റിക് ആണ്. ഇതിനേക്കാള്‍ ഞെട്ടലുണ്ടാക്കുന്നത് എന്തെന്നാല്‍, ഇതില്‍ 90.5 ശതമാനവും റീസൈക്കിള്‍ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. 2040ഓടെ പ്ലാസ്റ്റിക് ഉത്‌പാദനത്തില്‍ 60 ശതമാനം കുറവ് കൊണ്ടുവരിക എന്നതാണ് 2024ലെ ഭൗമ ദിന സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കപ്പുറം, കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾക്ക് സമാനമായി പ്ലാസ്റ്റിക്കിൻ്റെ വ്യാപനം മനുഷ്യൻ്റെ ആരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.