ഇ.പിയുടെ വെളിപ്പെടുത്തല്‍: തിരഞ്ഞെടുപ്പ് ദിനത്തില്‍ ആടിയുലഞ്ഞ് സിപിഎം; വീണ് കിട്ടിയ 'ബ്രഹ്മാസ്ത്രം' തലങ്ങും വിലങ്ങും പ്രയോഗിച്ച് പ്രതിപക്ഷം

ഇ.പിയുടെ വെളിപ്പെടുത്തല്‍: തിരഞ്ഞെടുപ്പ് ദിനത്തില്‍  ആടിയുലഞ്ഞ് സിപിഎം; വീണ് കിട്ടിയ 'ബ്രഹ്മാസ്ത്രം' തലങ്ങും വിലങ്ങും പ്രയോഗിച്ച് പ്രതിപക്ഷം

ഇ.പിയുടെ വെളിപ്പെടുത്തല്‍ സിപിഎമ്മിലും ഇടത് മുന്നണിയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാകും ഉണ്ടാക്കുക.

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഇന്നലെ രാവിലെ എയ്ത അമ്പ് ഒന്നിന് പത്ത്, പത്തിന് നൂറ് എന്ന രീതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെയും സിപിഎമ്മിന്റെയും മേല്‍ ആഞ്ഞ് തറയ്ക്കുമ്പോള്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ ആകെ പ്രതിരോധത്തിലായി സിപിഎമ്മും ഇടത് മുന്നണിയും.

ഇ.പി ജയരാജന്‍ ഗള്‍ഫില്‍ വച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും സിപിഎം വിട്ട് ബിജെപിയിലെത്തിയാല്‍ ഗവര്‍ണര്‍ പദവിയടക്കം അദേഹത്തിന് ഓഫര്‍ ലഭിച്ചുവെന്നുമായിരുന്നു കെ.സുധാകരന്റെ ഗുരുതരമായ വെളിപ്പെടുത്തല്‍. ഇതിന് മറുപടിയായി സുധാകരന്‍ കൃത്യമായി മരുന്ന് കഴിക്കാത്തതിന്റെ കുഴപ്പമാണന്ന് പരിഹസിച്ച് ഇ.പി പിടിച്ചു നിന്നെങ്കിലും തൊട്ടു പിന്നാലെ ദല്ലാള്‍ നന്ദകുമാറും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ ജയരാജന് അടി തെറ്റി.

ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ആദ്യം നിക്ഷേധിച്ച ഇ.പിക്ക് പിന്നീട് മാറ്റി പറയേണ്ടി വന്നു. മകന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വച്ച് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇന്ന് രാവിലെ ജയരാജന്‍ സമ്മതിച്ചതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി. പിടിച്ചു നില്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സ്ംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി വിനോയ് വിശ്വത്തിനും ഇ.പിയെ തള്ളിപ്പറയേണ്ടി വന്നു.

തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ വീണ് കിട്ടിയ 'ബ്രഹ്മാസ്ത്രം' പ്രതിപക്ഷം തലങ്ങും വിലങ്ങും പ്രയോഗിച്ചു. തൃശൂരിലും തിരുവനന്തപുരത്തും ബിജെപിയെ സഹായിക്കണമെന്നും ബാക്കിയുള്ള 18 മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യാമെന്നുമാണ് ഇരുകൂട്ടരും തമ്മിലുള്ള അന്തര്‍ധാരയെന്ന് വ്യക്തമാക്കി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ആദ്യം രംഗത്ത് വന്നു.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത്തരം നീക്കങ്ങളെല്ലാം നടക്കുന്നതെന്ന ആരോപണവുമായി തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെത്തി. സോഷ്യല്‍ മീഡിയയില്‍ വിഷയം കത്തിച്ച് നിര്‍ത്താന്‍ യുഡിഎഫ് സൈബര്‍ പോരാളികള്‍ പ്രത്യേകം ശ്രദ്ധിച്ചു. കൃത്യമായ പ്രതിരോധം തീര്‍ക്കാനാകാതെ ഇടത് കേന്ദ്രങ്ങള്‍ പതറിപ്പോവുകയും ചെയ്തു.

സംഭവം പുറത്തായതോടെ ഇടതിന് വോട്ട് ചെയ്താല്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടുമെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അവര്‍ പിന്നീട് ബിജെപിയില്‍ ചേക്കേറുമെന്നുമുള്ള ഇടത് നേതാക്കളുടെ പ്രചാരണത്തിന്റെ മുനയൊടിഞ്ഞ കാഴ്ചയാണ് ഇന്ന് കണ്ടത്. കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുകള്‍ നേടാമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഇടതു മുന്നണിക്ക് പോളിങ് ദിനത്തിലേറ്റ കനത്ത ആഘാതമായി ജയരാജന്റെ വെളിപ്പെടുത്തല്‍.

വോട്ടെടുപ്പ് ദിനം തന്നെ ഇ.പി ജയരാജന്‍ നടത്തിയ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ ശരിക്കും ഞെട്ടിച്ചു. ഇത് കൃത്യമായ തിരക്കഥയുടെ ഭാഗമാണെന്ന് ചിലര്‍ പറയുമ്പോള്‍ തൃശൂരിലും തിരുവനന്തപുരത്തും ജയിച്ചു കയറാന്‍ ബിജെപി ഒരുക്കിയ ചൂണ്ടയില്‍ ജയരാജന്‍ അറിയാതെ കൊത്തുകയായിരുന്നു എന്നാണ് മറ്റുള്ളവര്‍ പറയുന്നത്.

ഇനി ഈ രണ്ട് മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പോലും ബിജെപി ജയിച്ചാല്‍ അതിന് മറുപടി പറയാന്‍ സിപിഎം നന്നേ വിയര്‍ക്കേണ്ടി വരും. രണ്ട് മണ്ഡലങ്ങളിലും ഘടക കക്ഷിയായ സിപിഐ ആണ് മത്സരിക്കുന്നത് എന്നതിനാല്‍ അവരുടെ ചോദ്യങ്ങള്‍ക്കും സിപിഎം മറുപടി പറയേണ്ടതായി വരും. എന്തായാലും ഇ.പിയുടെ വെളിപ്പെടുത്തല്‍ സിപിഎമ്മിലും ഇടത് മുന്നണിയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാകും ഉണ്ടാക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.