കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; അമേഠി, റായ്ബറേലി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കാത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; അമേഠി, റായ്ബറേലി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കാത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: തുടര്‍ ഘട്ടങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ ചേരും. യു.പിയിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റു നോക്കുന്നത്.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു മണ്ഡലങ്ങളിലെയും നേതാക്കളുടെയും ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചിരുന്നു.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്‌ബേറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന സമ്മര്‍ദ്ദം കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്. റായ്ബറേലിയില്‍ മത്സരിക്കാന്‍ ഇരുവരും താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് മാനേജരും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രിയങ്കയ്ക്കാണ് മണ്ഡലം കൂടുതല്‍ പരിചിതമെന്നാണ് വിലയിരുത്തല്‍.

മെയ് മൂന്ന് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. രണ്ടിനോ മൂന്നിനോ ഇരുവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തലേന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ആലോചനയെന്നും സൂചനയുണ്ട്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രാഹുലും പ്രിയങ്കയും അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചേക്കുമെന്ന പ്രചരണവുമുണ്ട്. അടുത്ത മാസം ഇരുപതിനാണ് രണ്ടിടത്തും പോളിങ്. അമേഠിയില്‍ സ്മൃതി ഇറാനി പ്രചാരണത്തില്‍ മുന്‍പിലെത്തിയെങ്കില്‍ റായ്ബറേലിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപനത്തിനായി കാക്കുകയാണ് ബിജെപി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.