തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി അടക്കം നേരത്തേ നിയമസഭ പാസാക്കി അയച്ച ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. ബില്ലുകളില്‍ ഒപ്പിടാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറുമായുള്ള ബന്ധം വഷളായിരുന്നു.
ഭൂപതിവ് നിയമ ഭേദഗതി ബില്‍ കൂടാതെ സഹകരണ നിയമ ഭേദഗതി ബില്‍, നെല്‍വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീര സഹകരണ ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നിവയിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. ഇതില്‍ ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നതായിരുന്നു ഏറെ വിവാദമായത്.
ഭൂപതിവ് നിയമ ഭേദഗതിയില്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയിരുന്നു. നിയമസഭ കഴിഞ്ഞ സെപ്റ്റംബര്‍ പതിനാലിനാണ് ഭൂപതിവ് നിയമഭേദഗതി ബില്‍ പാസാക്കിയത് . ഇതിലൂടെ ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വാദം.
1960 ല്‍ പട്ടം താണുപിള്ള സര്‍ക്കാരിന്റെ കാലത്ത് റവന്യു ഭൂമി പതിച്ചു നല്‍കുന്നതിനായി കൊണ്ടുവന്നതാണ് ഭൂപതിവ് നിയമം. 1964 ല്‍ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.
ഭൂപതിവ് ചട്ടം നാലില്‍ ഭൂവിനിയോഗം കൃഷിക്കും വീട് നിര്‍മ്മാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് നിര്‍മ്മാണ നിരോധനത്തിലേക്ക് നയിച്ചത്. പട്ടയഭൂമി കൃഷിയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമത്തിലാണ് ഇനി മാറ്റം വരിക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.