അറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം 'ജയ് ശ്രീറാം': വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം മാര്‍ക്ക് നല്‍കി യു.പി സര്‍വകലാശാല

അറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം 'ജയ് ശ്രീറാം': വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം മാര്‍ക്ക് നല്‍കി യു.പി സര്‍വകലാശാല

ലക്‌നൗ: ഉത്തരങ്ങളുടെ സ്ഥാനത്ത് ജയ് ശ്രീറാം എന്നും ക്രിക്കറ്റ് താരങ്ങളുടെ പേരും എഴുതി വെച്ച നാല് വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം മാര്‍ക്ക് നല്‍കി യു.പി ജൗന്‍പുരിലെ വീര്‍ ബഹാദൂര്‍ സിങ് പൂര്‍വാഞ്ചല്‍ (വി.ബി.എസ്.പി) സര്‍വകലാശാല. ഫാര്‍മസി ഡിപ്ലോമ പരീക്ഷയിലാണ് ഈ ഉത്തരങ്ങള്‍ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല 50 ശതമാനം മാര്‍ക്ക് നല്‍കിയത്.

വി.ബി.എസ്.പി സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവായിരുന്ന ദിവ്യാന്‍ഷു സിങ് എന്ന യുവാവ് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് പരീക്ഷാ തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പരാതിയില്‍ രണ്ട് അധ്യാപകരെ സര്‍വകലാശാലാ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.

ഉത്തരക്കടലാസില്‍ അറിയാത്ത ഉത്തരങ്ങള്‍ക്ക് നേരെ ജയ് ശ്രീറാം എന്നും രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ പേരും സിനിമ പാട്ടുകളുമൊക്കെ എഴുതി നിറച്ചവര്‍ക്കാണ് സെക്കന്‍ഡ് ക്ലാസ് പാസ് മാര്‍ക്ക് ലഭിച്ചത്.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ പേപ്പര്‍ വീണ്ടും പരിശോധിച്ചപ്പോള്‍ കിട്ടിയത് പൂജ്യം മാര്‍ക്ക്. സംഭവം വിവാദമായതോടെ അധ്യാപകരെ പുറത്താക്കാന്‍ സര്‍വകലാശാല നിര്‍ദേശം നല്‍കി.

യൂണിവേഴ്സിറ്റിയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പൂജ്യം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികളെ പോലും 60 ശതമാനത്തിലധികം മാര്‍ക്ക് നല്‍കി വിജയിപ്പിച്ചതായി വിദ്യാര്‍ഥി നേതാവായ ദിവ്യാന്‍ഷു സിങ് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.