അമേരിക്കയില്‍ ഭീതി പടർത്തി ശക്തമായ ചുഴലിക്കാറ്റ് ; വന്‍ നാശനഷ്ടം

അമേരിക്കയില്‍ ഭീതി പടർത്തി ശക്തമായ ചുഴലിക്കാറ്റ് ; വന്‍ നാശനഷ്ടം

വാഷിം​ഗ്ടൺ ഡിസി: അമേരിക്കയിലെ നെബ്രാസ്കയിലും അയോവയിലും നാശം വിതച്ച ചുഴലിക്കാറ്റ് ഇന്നലെ കൻസാസ്, മിസോറി, ഒക്ലഹോമ എന്നിവിടങ്ങളിലും വീശിയടിച്ചു. നെബ്രാസ്കയിലെ ഒമാഹയിലെ പ്രാന്തപ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ചുഴലിക്കാറ്റ് കൃഷിയിടങ്ങളിലൂടെയും ജനവാസ മേഖലകളിലേക്കും കിലോമീറ്ററുകളോളം സഞ്ചരിച്ച് വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തു. അയോവ പട്ടണത്തിലാണ് അവസാനം ചുഴലിക്കാറ്റ് വീശിയത്. വെള്ളിയാഴ്ച മിഡ്‌വെസ്റ്റിലും നിരവധി ചുഴലിക്കാറ്റുകൾ നാശം വിതച്ചതായി റിപ്പോർട്ടുണ്ട്.

ഒമാഹയിൽ വൻ കെട്ടിടം തകർന്ന് നിരവധി ആളുകൾ കുടുങ്ങി. 150 ഓളം വീടുകൾ നശിച്ചു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒമാഹ ഏരിയയിലെ ആശുപത്രികളിൽ 24 ൽ താഴെ പേർ മാത്രമാണ് ചികിത്സയിലുള്ളതെന്നും ഡഗ്ലസ് കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ആരോഗ്യ ഡയറക്ടർ ഡോ. ലിൻഡ്‌സെ ഹ്യൂസ് പറഞ്ഞു.

നെബ്രാസ്കയിലെ ലിങ്കണിനടുത്ത് വെള്ളിയാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റ് ആരംഭിച്ചത്. ലാൻകാസ്റ്റർ കൗണ്ടിയിൽ ഒരു കെട്ടിടം തകർന്ന് 70 പേർ കുടുങ്ങിയെങ്കിലും എല്ലാവരെയും രക്ഷപ്പെടുത്തി. ഒരേ സമയം ഒന്നോ രണ്ടോ ചുഴലിക്കാറ്റുകൾ ഒരു മണിക്കൂറോളം ഒമാഹയിലേക്ക് നീങ്ങി.135 മുതൽ 165 മൈൽ വേഗതയിൽ കാറ്റ് വീശിയെന്ന് നാഷണൽ വെതർ സർവീസിൻ്റെ ഒമാഹ ഓഫീസിലെ കാലാവസ്ഥാ നിരീക്ഷകൻ ക്രിസ് ഫ്രാങ്ക്സ് പറഞ്ഞു.

485000 ആളുകൾ താമസിക്കുന്ന ഒമാഹയിലെ എൽഖോൺ പ്രദേശത്തെയും ചുഴലിക്കാറ്റ് ബാധിച്ചു. അഗ്നിശമന സേനാംഗങ്ങൾ രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തി. ഒമാഹയുടെ കിഴക്കൻ അറ്റത്തുള്ള എപ്പിലി എയർഫീൽഡിന് മുകളിലൂടെയും ചുഴലിക്കാറ്റ് കടന്നുപോയെങ്കിലും അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണിക്കൂറിൽ 111 മുതൽ 135 മൈൽ വരെ വേഗതയിൽ കാറ്റ് വീശാൻ കഴിവുള്ള ഈ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ EF2 ആണെന്നാണ് വിലയിരുത്തൽ. അയോവയിലെ ചെറുപട്ടണമായ മൈൻഡെനെയും ചുഴലിക്കാറ്റ് ബാധിച്ചു. നാൽപ്പതോളം വീടുകൾ പൂർണമായും തകർന്നു.

ടെക്സസ്, ഒക്ലഹോമ, കൻസാസ്, മിസോറി, നെബ്രാസ്ക, അയോവ എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ ടൊർണാഡോ വാച്ച് പ്രഖ്യാപിച്ചിരുന്നു. വലിയ ആലിപ്പഴ വർഷിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്ന. പ്രവചനങ്ങളെത്തുടർന്ന് ചില സ്കൂളുകളുകൾ അടച്ചിട്ടു. വാരാന്ത്യത്തിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലവസ്ഥ പ്രവചനങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.