കുത്തേറ്റു വീണ ദേവാലയത്തിലേക്ക് സ്‌നേഹ സന്ദേശവുമായി ബിഷപ്പ് മാര്‍ മാറി ഇമ്മാനുവല്‍; അക്രമിയെ 'എന്റെ മകനേ' എന്ന് വീണ്ടും അഭിസംബോധന

കുത്തേറ്റു വീണ ദേവാലയത്തിലേക്ക് സ്‌നേഹ സന്ദേശവുമായി ബിഷപ്പ് മാര്‍ മാറി ഇമ്മാനുവല്‍; അക്രമിയെ 'എന്റെ മകനേ' എന്ന് വീണ്ടും അഭിസംബോധന

സിഡ്‌നി: ഉറച്ച നിലപാടുകളുടെ പേരില്‍ കുത്തേറ്റു വീണ ദേവാലയത്തിലേക്ക് ക്ഷമയുടെയും സ്‌നേഹത്തിന്റെയും സന്ദേശവുമായി ബിഷപ്പ് മാര്‍ മാറി ഇമ്മാനുവല്‍ വീണ്ടുമെത്തി. കുത്തേറ്റു വീണ അള്‍ത്താരയ്ക്കു സമീപം മുറിവേറ്റ മുഖവുമായി അദ്ദേഹം വീണ്ടും വിശ്വാസികളെ അഭിസംബോധന ചെയ്തു. തന്നെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിയെ 'എന്റെ മകനേ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശം വിശ്വാസികളുടെ കണ്ണുകളെ ഈറനണിയിച്ചു.

രണ്ടാഴ്ച്ച മുന്‍പാണ് സിഡ്നിയിലെ വേക്‌ലിയില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ ശുശ്രൂഷയ്ക്കിടെ അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പ് മാറി ഇമ്മാനുവലിനു നേരെ 16 കാരന്റെ ഭീകരാക്രമണമുണ്ടായത്. കത്തി കൊണ്ട് നിരവധി തവണ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിഷപ്പ് സുഖം പ്രാപിച്ചതിനു ശേഷമുള്ള ആദ്യത്തെ വിശുദ്ധ കുര്‍ബാനയര്‍പ്പണമായിരുന്നു ഇന്നലെ (ഞായറാഴ്ച) വേക്‌ലി പള്ളിയില്‍ നടന്നത്. ശസ്ത്രക്രിയയ്ക്കു വിധേയനായ ബിഷപ്പ് ആശുപത്രിക്കിടക്കയില്‍ നിന്നു തന്നെ അക്രമിയോട് ക്ഷമിച്ചതായി അറിയിച്ചിരുന്നു. കനത്ത പോലീസ് കാവലിലായിരുന്നു ശുശ്രൂഷകള്‍.



വിശുദ്ധ കുര്‍ബാന മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ തനിക്കായി പ്രാര്‍ഥിച്ചവര്‍ക്കു ബിഷപ്പ് പ്രത്യേകം നന്ദി പറഞ്ഞു. തത്സമയം സംപ്രേക്ഷണം ചെയ്ത പ്രസംഗത്തില്‍ തന്നെ ആക്രമിച്ച കൗമാരക്കാരനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ബിഷപ്പ് പറഞ്ഞു.

'മകനേ, ഞാന്‍ നിന്നോട് പറയാനാഗ്രഹിക്കുന്നത് നീ എപ്പോഴും എന്റെ മകനായിരിക്കും. ഞാന്‍ എല്ലായ്‌പ്പോഴും നിനക്കായി പ്രാര്‍ഥിക്കും. നിനക്ക് ഏറ്റവും മികച്ചതല്ലാതെ മറിച്ചൊന്നും ഞാന്‍ ആശംസിക്കില്ല. നസ്രത്തിലെ എന്റെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തു നിന്റെ ഹൃദയത്തെയും ആത്മാവിനെയും പ്രകാശിപ്പിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗത്തില്‍ ഒരേയൊരു ദൈവം മാത്രമേയുള്ളൂ, എല്ലാ മനുഷ്യവര്‍ഗത്തിന്റെയും സ്രഷ്ടാവ്. അതു നീ തിരിച്ചറിയാന്‍ പ്രാര്‍ത്ഥിക്കുന്നു. നസ്രത്തിലെ യേശുക്രിസ്തുവാണ് ദൈവം എന്ന് നിറഞ്ഞ സ്‌നേഹത്തോടെയും ആത്മവിശ്വാസത്തോടെയും വിനയത്തോടെയും ഞാന്‍ പറയുന്നു.

ഈ വാക്കുകള്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് വരുന്നതാണെന്ന് കര്‍ത്താവിന് അറിയാം. നിനക്കും ഈ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടവര്‍ക്കുമായി ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കും. യേശുവിന്റെ നാമത്തില്‍, ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു'.

ഓരോ മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്നും ബിഷപ്പ് 52 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ഓസ്ട്രേലിയന്‍ സര്‍ക്കാരിനെയും പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിയെയും അഭിസംബോധന ചെയ്തു.

'പ്രിയപ്പെട്ട ഓസ്ട്രേലിയന്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിയോടും ഞാന്‍ പറയുന്നു ഈ മനുഷ്യ സ്വത്വം ദൈവം നല്‍കിയ സമ്മാനമാണ്. എല്ലാ മനുഷ്യര്‍ക്കും സംസാര സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും അവകാശമുണ്ട്. ക്രിസ്ത്യാനികള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം അപകടകരമാണെന്നും ഒരു ജനാധിപത്യ രാജ്യത്ത് സ്വതന്ത്രമായ അഭിപ്രായപ്രകടനം സാധ്യമല്ലെന്നും പറയുന്നു. എന്നാല്‍ എനിക്കത് ഇതുവരെ ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടില്ല. പരിഷ്‌കൃതരായ മനുഷ്യരെന്ന നിലയില്‍ നമുക്ക് വിമര്‍ശിക്കാനും സംസാരിക്കാനും കഴിയണം' - ബിഷപ്പ് വ്യക്തമാക്കി.

'പക്ഷേ, അഭിപ്രായസ്വാതന്ത്ര്യം ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ എല്ലാം സെന്‍സര്‍ ചെയ്യണം എന്നു പറയുന്നവരുണ്ട്. അങ്ങനെയെങ്കില്‍ പിന്നെ ജനാധിപത്യം എവിടെയാണ്?' - അദ്ദേഹം ചോദിച്ചു.

ഇറാഖില്‍ ജനിച്ച ബിഷപ്പ് ഇമ്മാനുവല്‍ 1985-ലാണ് ഓസ്ട്രേലിയയിലേക്കു കുടിയേറിയത്. ബിഷപ്പിനെ ആക്രമിച്ചതിന് തീവ്രവാദ കുറ്റം ചുമത്തപ്പെട്ട കൗമാരക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.