വാഷിങ്ടണ്‍: അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഇസ്രയേലിനെതിരേയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി പാലസ്തീന്‍ പതാക ഉയര്‍ത്തി വിദ്യാര്‍ഥികള്‍. അമേരിക്കന്‍ പതാകയോ സന്ദര്‍ശനം നടത്തുന്ന പ്രമുഖ വിദേശ രാജ്യങ്ങളുടെ പതാകകള്‍ക്കോ വേണ്ടി മാത്രം നീക്കിവച്ചിരിക്കുന്ന ജോണ്‍ ഹാര്‍വാര്‍ഡ് സ്റ്റാച്യുവിലായിരുന്നു കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം. അതേസമയം, അമേരിക്കയിലാകമാനം പടര്‍ന്നുപിടിക്കുന്ന പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 900 കടന്നു.
പതാക ഉയര്‍ത്തിയത് സര്‍വകലാശാലാ നിയമങ്ങളുടെ ലംഘനമാണെന്നും അതില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ അച്ചടക്ക നടപടിക്കു വിധേയരാകുമെന്നും ഹാര്‍വാര്‍ഡ് വക്താവ് പ്രതികരിച്ചു.
ജോണ്‍ ഹാര്‍വാര്‍ഡിന്റെ പ്രതിമയ്ക്ക് മുകളില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പാലസ്തീന്‍ പതാക ഉയര്‍ത്തുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഹാര്‍വാര്‍ഡ് പോലീസിന്റെ നിര്‍ദേശ പ്രകാരം, പതാക എടുത്തുമാറ്റിയെങ്കിലും പ്രതിഷേധം തുടരുകയാണ്. ഒരു വിദ്യാര്‍ഥി അഴിച്ചുമാറ്റിയ പതാക തട്ടിയെടുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏപ്രില്‍ 18ന് ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധപ്രകടനം നടത്തിയ നൂറിലധികം വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രക്ഷോഭം പടര്‍ന്നുപിടിച്ചത്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. അമേരിക്കന്‍ സൈന്യം ഇസ്രയേലിന് നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങള്‍ സമാധാനപരമായി തുടരണമെന്ന അഭ്യര്‍ത്ഥന വൈറ്റ് ഹൗസ് ഞായറാഴ്ച പുറപ്പെടുവിച്ചിരുന്നു. എന്നാ ചിലയിടങ്ങളില്‍ ഇസ്രയേലി അനുകൂലികളും പലസ്തീന്‍ അനുകൂല പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഇന്ത്യാന യൂണിവേഴ്‌സിറ്റി, സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പ്രതിഷേധങ്ങളെ തുടര്‍ന്ന് 275-ലധികം വിദ്യാര്‍ഥികളെയാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.