തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം ബസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഇന്ന് വൈകിട്ട് 6:45 ഓടെയാണ് ബസ് യാത്രക്കാരുമായി കോഴിക്കോടേക്ക് പുറപ്പെട്ടത്. മെയ് അഞ്ച് ഞായറാഴ്ച മുതല്‍ ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിക്കും.
പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സ് ഡിപ്പോയില്‍ നിന്ന് ബസ് തമ്പാനൂര്‍ ഡിപ്പോയില്‍ എത്തിച്ചപ്പോള്‍ മറ്റ് യാത്രക്കാര്‍ക്ക് ഇത് കൗതുക കാഴ്ചയായിരുന്നു. ബസിന് ചുറ്റും ആളുകള്‍ ഫോട്ടോയെടുക്കാന്‍ വട്ടം കൂടി. ഇവര്‍ക്കും ബസിനുള്ളില്‍ കയറാന്‍ അവസരം ഒരുക്കിയിരുന്നു.
തിരുവനന്തപുരം-കോഴിക്കോട് യാത്രക്കായി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിരുന്നു. രാവിലെ നാലിന് കോഴിക്കോട് നിന്ന് യാത്ര തിരിച്ച് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പ്പേട്ട്, മൈസൂര്‍, മാണ്ട്യ വഴി 11:35 ന് ബംഗളൂരുവില്‍ എത്തിച്ചേരും. ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 2:30 ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10:05 ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എ.സി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ലക്ഷ്വറി ടാക്സും നല്‍കണം. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള ബസില്‍ കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബംഗളൂരു (സാറ്റെലൈറ്റ്, ശാന്തിനഗര്‍) എന്നിവയാണ് സ്റ്റോപ്പുകള്‍.
ആധുനിക രീതിയില്‍ എയര്‍കണ്ടിഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളുണ്ട്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാന്‍ പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിട്ടുണ്ട്. ശുചിമുറി, വാഷ്‌ബേസിന്‍ തുടങ്ങിയ സൗകര്യങ്ങളും ബസിലുണ്ട്.
യാത്രയ്ക്കിടയില്‍ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാര്‍ജര്‍ സംവിധാനവുമുണ്ട്. യാത്രക്കാര്‍ക്ക് ലഗേജ് സൂക്ഷിക്കുവാനുള്ള സ്ഥല സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.