പാലസ്തീന്‍ അഭയാര്‍ത്ഥികളെ അമേരിക്കയിലേക്ക് സ്വീകരിക്കുന്നത് ബൈഡന്‍ ഭരണകൂടത്തിന്റെ പരിഗണയിലെന്ന് റിപ്പോര്‍ട്ടുകള്‍

പാലസ്തീന്‍ അഭയാര്‍ത്ഥികളെ അമേരിക്കയിലേക്ക് സ്വീകരിക്കുന്നത് ബൈഡന്‍ ഭരണകൂടത്തിന്റെ പരിഗണയിലെന്ന് റിപ്പോര്‍ട്ടുകള്‍

വാഷിങ്ടണ്‍: പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ അഭയം നല്‍കുന്നത് ബൈഡന്‍ ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗാസയിലെ യുദ്ധമുഖത്ത് നിന്ന് പലായനം ചെയ്യുന്ന ഏതാനും പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കാണ് സ്ഥിരമായ സുരക്ഷിത താവളമെന്ന നിലയില്‍ അമേരിക്കയില്‍ അഭയം ഒരുക്കുന്നത്. ഫെഡറല്‍ സര്‍ക്കാരിന്റെ ആഭ്യന്തര റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി സി.ബി.എസ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഗാസയില്‍ നിന്ന് പലായനം ചെയ്തവരുടെ അടുത്ത ബന്ധുക്കളോ കുടുംബാംഗങ്ങളോ അമേരിക്കയില്‍ സ്ഥിരതാമസമുണ്ടെങ്കില്‍ അത്തരം ആളുകളെ പരിഗണിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇവരെ പുനരവധിവസിപ്പിക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് ഫെഡറല്‍ ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദമായ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി രേഖകള്‍ കാണിക്കുന്നു

ഇസ്രയേല്‍-ഹമാസ് യുദ്ധത്തെതുടര്‍ന്ന് നിരവധി പേര്‍ ഗാസയില്‍ നിന്ന് രക്ഷപ്പെട്ട് അയല്‍രാജ്യമായ ഈജിപ്റ്റിലേക്കു പലായനം ചെയ്തിരുന്നു. അവരില്‍ യു..എസ് ബന്ധമുള്ള പാലസ്തീനികളെ ഈജിപ്റ്റിന്റെ കൂടെ സഹകരണത്തോടെ ഇവരെ പുനരവധിവസിപ്പിക്കാനാണ് ആലോചനകള്‍ നടക്കുന്നത്.

അമേരിക്കയില്‍ അടുത്ത ബന്ധുക്കളുള്ള അഭയാര്‍ത്ഥികള്‍ക്ക് വൈദ്യ പരിശോധന, സെക്യൂരിറ്റി സ്‌ക്രീനിങ്, യോഗ്യതാ പരിശോധന അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാവും രാജ്യത്തേക്കു കൊണ്ടുവരികയെന്നാണ് ഫെഡറല്‍ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരത്തില്‍ യോഗ്യതയുള്ളവര്‍ എണ്ണത്തില്‍ കുറവായിരിക്കുമെന്നാണ് അമേരിക്കന്‍ ഭരണകൂടം കണക്കുകൂട്ടുന്നത്.

ഈ നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാക്കുന്നവര്‍ക്ക് അഭയാര്‍ത്ഥി പദവിയോടെ യുഎസില്‍ ജീവിക്കാന്‍ യോഗ്യരാകും. തുടര്‍ന്ന് സ്ഥിരതാമസവും ഭവന സഹായം പോലുള്ള പുനരധിവാസ ആനുകൂല്യങ്ങളും അമേരിക്കന്‍ പൗരത്വവും വരെ ലഭിക്കത്തക്ക വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

യുദ്ധത്തില്‍ പതിനായിക്കണക്കിനാളുകളാണ് വീടും കിടപ്പാടവും നഷ്ടപ്പെട്ട് അനാഥരായത്. ഇതുവരെ 34,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

1,800ലധികം അമേരിക്കന്‍ പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും ഗാസയില്‍നിന്നു രക്ഷപ്പെടാന്‍ യുഎസ് സഹായിച്ചതായി സിബിഎസ് ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. അവരില്‍ പലരും അമേരിക്കയിലേക്ക് വന്നിട്ടുണ്ട്. യുദ്ധമേഖലയിലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍, അര്‍ബുദത്തിന് ചികിത്സയിലുള്ള കുട്ടികള്‍ എന്നിങ്ങനെയുള്ള ദുര്‍ബലരായ വ്യക്തികളെ സഹായിക്കുന്നത് അമേരിക്ക തുടരുമെന്നും വക്താവ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.