കോവിഷീല്‍ഡ് വിവാദം കത്തുന്നു; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോഡിയുടെ ചിത്രം നീക്കി

കോവിഷീല്‍ഡ് വിവാദം കത്തുന്നു;  വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോഡിയുടെ ചിത്രം നീക്കി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നീക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് വിശദീകരണം.

എന്നാല്‍ ഇന്ത്യയില്‍ വിതരണം ചെയ്ത കോവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക സമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനിടെയാണ് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയിരിക്കുന്നത്.

നേരത്തെ കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോഡി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

കോവിഷീല്‍ഡ് വാക്‌സിനെടുത്ത അപൂര്‍വ്വം ചിലരില്‍ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്‌പോസിസ് വിത്ത് ത്രോംന്‌പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചത്.

ആസ്ട്രസെനെകയുടെ വിശദീകരണം വന്നതോടെ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ കോവീഷീല്‍ഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയും എത്തിയിട്ടുണ്ട്. വാക്സിന്‍ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജിക്കാരന്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.