ന്യൂയോർക്ക് : ഭീകരവാദത്തെ ചെറുത്ത് ന്യൂയോർക്കിലെ സർവകലാശാലകൾ. കൊളംബിയ യൂണിവേഴ്സിറ്റിയിലും സിറ്റി കോളേജ് കാമ്പസുകളിലും പലസ്തീൻ അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തിയ 400-ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയോളമായി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടെന്റ് കെട്ടിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഇവരെ സസ്പെൻഡ് ചെയ്തതിന് ശേഷവും പ്രതിഷേധ പരിപാടികളിൽ നിന്ന് പിന്മാറിയിരുന്നില്ല. തുടർന്നാണ് കോളേജ് അധികൃതർ പൊലീസിൽ വിവരമറിയിച്ചത്. സംഘർഷത്തെ തുടർന്ന് കൊളംബിയ സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷകൾ മാറ്റി. വിദ്യാർത്ഥികൾക്ക് പുറമേ നിരവധി പേരാണ് ക്യാമ്പസിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.
1968-ലെ പൗരാവകാശ പ്രക്ഷോഭത്തിന്റെയും വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന്റെയും പ്രധാന സമര കേന്ദ്രങ്ങളായിരുന്ന സർവകലാശാലയിലെ ഹാമിൽറ്റൺ ഹാളിൽ നിലയുറപ്പിച്ച പ്രതിഷേധക്കാരെ രണ്ടാം നിലയിലെ ജനാലയിലൂടെ അകത്ത് കയറിയാണ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കിൽ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുമെന്ന് സർവകലാശാല അറിയിച്ചിരുന്നു. കാമ്പസിൽ സ്ഥാപിച്ച ടെൻ്റുകളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെയാണ് അധികൃതർ അച്ചടക്ക നടപടികൾ ആരംഭിച്ചിരുന്നു. പിന്നാലെയാണ് ഹമാസ് അനുകൂലികൾ ഹാമിൽറ്റൺ ഹാളിൽ കയറിയത്.
വിദ്യാർത്ഥികൾ ഹാമിൽട്ടൺ ഹാൾ കയ്യടക്കുകയും ഗാസയിലെ ഇരകളുടെ ബഹുമാനാർത്ഥം 'ഹിന്ദ്‌സ് ഹാൾ' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. ന്യൂയോർക്കിലെ ഫോർഡം യൂണിവേഴ്‌സിറ്റിയിൽ കാമ്പസിൽ സമരക്കാർ തമ്പടിച്ചിരിക്കുകയാണ്. പല സർവകലാശാലകളിലും സംഘർഷാവസ്ഥ തുടരുകയാണ്.
യുസിഎൽഎ, വിസ്‌കോൺസിൻ എന്നീ സർവകലാശാലകളിൽ പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. സംഘർഷത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇതിനിടെ, ജൂതമത വിശ്വാസികൾക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 91നെതിരെ 320 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ആന്റിസെമിറ്റിസം ബോധവത്കരണ ബിൽ പാസാക്കിയത്.
നഗരത്തിൽ വിദ്വേഷപ്രവൃത്തികൾ അനുവദിക്കില്ലെന്നും സാഹചര്യം വഷളാക്കാൻ ചിലർ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ന്യൂയോർക്ക് മേയർ കുറ്റപ്പെടുത്തി. നിയമപരമായി നടത്തേണ്ട പ്രതിഷേധം അക്രമാസക്തമാകാൻ അനുവദിക്കില്ലെന്നും ഇത്തരം പ്രതിഷേധങ്ങൾ ലക്ഷ്യം കാണില്ലെന്നും മേയർ വിമർശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.