തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുകയും ഉഷ്ണതരംഗ സാധ്യത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മെയ് ആറ് വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം.
ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റേതാണ് നിര്‍ദേശം.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അവധിക്കാല ക്ലാസുകള്‍ 11 മണി മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നടത്തരുത്. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാ വിഭാഗങ്ങള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, മത്സ്യ തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.